മണ്ഡലം രൂപീകരിച്ചതിനു ശേഷം ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തി വയനാട്. 14,71,742 വോട്ടർമാരിൽ 950005 പേരാണ് വോട്ടു ചെയ്തത്.
ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടുത്തി അന്തിമ ശതമാനം പുറത്തുവരുന്നതേയുള്ളു.കൃത്യമായ പോളിംഗ് ശതമാന കണക്ക് നാളെ ഉച്ചയോടെയേ ലഭ്യമാകൂ. കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഏറനാടാണ്, 69.39 ശതമാനം. കുറവ് നിലമ്പൂർ – 61.62 ശതമാനം.
ആറു മാസത്തിനിടെ വീണ്ടും തിരഞ്ഞെടുപ്പ് വന്നതും ഏകപക്ഷീയമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന തോന്നലുമാണ് വോട്ടുചെയ്യുന്നതിൽ നിന്ന് വോട്ടർമാരെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതര സംസ്ഥാനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരിൽ ചുരുക്കം പേരെ ഇത്തവണ വോട്ടു ചെയ്യാൻ എത്തിയുള്ളു.
പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരം എന്ന പ്രത്യേകതയായിരുന്നു വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. രാഹുൽ ഗാന്ധി രാജിവച്ചതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. വളരെ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും ഏറ്റവും ഒടുവിൽ എൻഡിഎ സ്ഥാനാർഥിയായി നവ്യ ഹരിദാസും ചുരം കയറി എത്തി. 5 ലക്ഷം ഭൂരിപക്ഷത്തിൽ പ്രിയങ്കയെ ജയിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങിയത്. എന്നാൽ ആ ലക്ഷ്യത്തിലേക്ക് യുഡിഎഫിന് എത്താൻ സാധിച്ചേക്കില്ല എന്നതാണ് പോളിങ് സൂചിപ്പിക്കുന്നത്



