തന്റെ ബീജം ഉപയോഗിക്കാന്‍ തയാറാകുന്ന സ്ത്രീകള്‍ക്ക് സൗജന്യ ഐ വി എഫ് ചികിത്സ വാഗ്ദാനം ചെയ്ത് ടെലിഗ്രാം സിഇഒ പാവേല്‍ ദുറോവ്. പാവേലിന്റെ ഈ തീരുമാനത്തിന് പിന്നില്‍ വന്ധ്യത കാരണം പ്രയാസം അനുഭവിക്കുന്ന ദമ്പതികള്‍ക്കും സ്ത്രീകള്‍ക്കും ഒരു സഹായം നല്‍കുക എന്ന നിലപാടാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ചേര്‍ന്നാണ് പാവേല്‍ ദുറോവ് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. 

അള്‍ട്രാവിറ്റ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ വെബ് സൈറ്റില്‍ ഇതുസംബന്ധിച്ച പരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രശസ്തനായ സംരംഭകനായ പാവേല്‍ ദുറോവിന്റെ ബീജം ഉപയോഗിച്ച് തങ്ങളുടെ ക്ലിനിക്കില്‍ സൗജന്യമായ ഐവിഎഫ് ചികിത്സ നടത്താമെന്നാണ് വെബ് സൈറ്റില്‍ പറയുന്നത്. ഏറ്റവും മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ക്ലിനിക്ക് ഉറപ്പുനല്‍കുന്നുണ്ട്.

പാവേല്‍ ദുറോവിന്റെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സ നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട് ആദ്യത്തെ കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.  ബീജം സ്വീകരിക്കാന്‍ താല്‍പര്യമുള്ള സ്ത്രീകളുടെ പ്രായപരിധിയും പറയുന്നുണ്ട്. 37 വയസ്സില്‍ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകള്‍ക്കാണ് അവസരമുള്ളത്. 

അവസരം ലഭിച്ചശേഷം ഡോക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ ഐവിഎഫ് ചികിത്സയെക്കുറിച്ച് വിശദീകരിക്കും. ആവശ്യമായ പരിശോധനകളും നടത്തും. ഇതിനുശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

നേരത്തെ അവിവാഹിതനായ തനിക്ക് നൂറിലേറെ കുട്ടികളുണ്ടെന്ന് പാവേല്‍ ദുറോവ് വെളിപ്പെടുത്തിയിരുന്നു. ബീജം ദാനം ചെയ്തതിലൂടെയാണ് ഇത്രയും വര്‍ഷത്തിനിടെ തനിക്ക് ഇത്രയും കുട്ടികളുണ്ടായതെന്നും പാവേല്‍ പറഞ്ഞിരുന്നു. 15 വര്‍ഷം മുന്‍പ് ഒരു സുഹൃത്താണ് ഇക്കാര്യം ആവശ്യപ്പെട്ട് ആദ്യമായി തന്നെ സമീപിച്ചതെന്നും പിന്നീട് പലര്‍ക്കും ബീജം ദാനംചെയ്തെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.