39-ാം വയസ്സിൽ തന്നെ നിയുക്ത ഡൊണാൾഡ് ട്രംപ് സർക്കാരിലെ ഒരു പ്രധാന പദവിയിൽ എത്തിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം വിവേക് രാമസ്വാമി. നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കാബിനറ്റിൽ ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്ല, സ്പേസ് എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കിനും വിവേക് രാമസ്വാമിക്കും പുതുതായി രൂപീകരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസിയുടെ (DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്.
ബയോടെക്, സാങ്കേതികവിദ്യ, ക്രിപ്റ്റോകറൻസി തുടങ്ങിയ മേഖലകളിൽ തന്റെ ബുദ്ധിയും കഠിനാധ്വാനവും ഉപയോഗിച്ച് സ്വയം ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത കോടീശ്വരനാണ് വിവേക് രാമസ്വാമി. 2023 ഫെബ്രുവരിയിൽ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയാകാനുള്ള മത്സരത്തിൽ നാലാം സ്ഥാനത്തെത്തിയതോടെ ട്രംപിനെ പിന്തുണച്ച് പിൻമാറി. ബയോടെക് കമ്പനികളിലും നിക്ഷേപ മേഖലയിലും വലിയ വിജയം നേടിയിട്ടുണ്ട്. രാമസ്വാമി, പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനായ ഒരു നേതാവായിട്ടാണ് സ്വയം അവതരിപ്പിക്കുന്നത്.
കേരള ബന്ധം
പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ സി ആർ ഗണപതി അയ്യരുടെയും തൃപ്പൂണിത്തുറ സ്വദേശിയായ ഗീത രാമസ്വാമിയുടെ മകനാണ് വിവേക്. തമിഴ്നാട്ടിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഈ ദമ്പതികളുടെ മകനായി 1985 ഓഗസ്റ്റ് 9 ന് ഒഹായോയിലെ സിൻസിനാറ്റിയിലാണ് വിവേക് ജനിച്ചത്. തമിഴ് കുടുംബത്തിൽ വളർന്നെങ്കിലും മലയാളവും അദ്ദേഹത്തിന് അറിയാം. ഒഹായോയിലെ ഒരു റോമൻ കാത്തലിക് സ്കൂളിൽ പഠിച്ച വിവേക്, കുടുംബത്തോടൊപ്പം ഡേട്ടണിലെ ഹിന്ദു ക്ഷേത്രവും സന്ദർശിക്കുമായിരുന്നു.
ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബയോളജിയിൽ ബിരുദം നേടിയ ശേഷം, യേൽ ലോ സ്കൂളിൽ ഉന്നത പഠനത്തിന് ചേർന്നു. വിവേക് രാമസ്വാമി ഒരു ഹെഡ്ജ് ഫണ്ട് നിക്ഷേപകനായി തന്റെ കരിയർ ആരംഭിച്ചു. യേൽ സർവകലാശാലയിൽ പഠിക്കുന്നതിന് മുമ്പേ തന്നെ നിരവധി ദശലക്ഷം ഡോളർ സമ്പാദിച്ചു എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 2014-ൽ അദ്ദേഹം സ്വന്തമായി ഒരു ബയോടെക് കമ്പനിയായ റോവൻറ് സയൻസസ് സ്ഥാപിച്ചു. ഈ കമ്പനി ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലാത്ത മരുന്നുകളുടെ പേറ്റന്റുകൾ വലിയ കമ്പനികളിൽ നിന്ന് വാങ്ങുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
വിവേകിന്റെ ആസ്തി
വിവേക് രാമസ്വാമി, ഫോർബ്സ് പട്ടികയിലെ ഏറ്റവും സമ്പന്നരായ യുവ സംരംഭകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സമ്പത്തിന്റെ രഹസ്യം, താൻ സ്ഥാപിച്ച ബയോടെക് കമ്പനിയായ റോവൻറ് സയൻസസിലാണ്. ഈ കമ്പനി, പുതിയതും പ്രധാനപ്പെട്ടതുമായ മരുന്നുകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2014-ൽ സ്ഥാപിതമായ റോവൻറ്, 2016-ൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട്, ജാപ്പനീസ് കമ്പനിയായ സുമിറ്റോമോ ഡൈനിപ്പോൺ റോവൻറ്റിലെ നിരവധി മരുന്നുകളും കമ്പനിയുടെ ഒരു ശതമാനം ഓഹരിയും വാങ്ങി. ഈ ഇടപാട് രാമസ്വാമിയുടെ സമ്പത്തിൽ വലിയ വർദ്ധനവിന് കാരണമായി.
2021-ൽ, റോവൻറ് ഒരു ലയനത്തിലൂടെ മൂല്യം വർദ്ധിപ്പിച്ചു. ഇതോടെ രാമസ്വാമിയുടെ ആസ്തിയും കുതിച്ചുയർന്നു. ഇന്ന്, അദ്ദേഹം ബയോടെക് രംഗത്തെ ഏറ്റവും യുവകൂട്ടത്തിലെ പ്രമുഖ വ്യക്തിയായി അറിയപ്പെടുന്നു. 2021-ൽ രാമസ്വാമി ഈ കമ്പനിയുടെ സിഇഒ സ്ഥാനം രാജിവച്ചു. ഫോർബ്സ് മാസികയുടെ കണക്കനുസരിച്ച് രാമസ്വാമിയുടെ ആസ്തി ഒരു ബില്യൺ ഡോളറാണ് (ഏകദേശം 8439 കോടി).
ബയോടെക് മുതൽ ബിസിനസ് ലോകം വരെ
ബയോടെക് രംഗത്തെ വിജയം മാത്രമല്ല, വിവേക് രാമസ്വാമിയുടെ സമ്പത്തിന്റെ രഹസ്യം. അദ്ദേഹം ബിറ്റ്കോയിൻ, എതെറിയം തുടങ്ങിയ ക്രിപ്റ്റോകറൻസികൾ മുതൽ യൂട്യൂബ് എതിരാളിയായ റംബിൾ വരെയുള്ള വിവിധ മേഖലകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 2021-ൽ, ബയോടെക് രംഗത്തെ വിജയകരമായ കരിയറിന് ശേഷം, രാമസ്വാമി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. അദ്ദേഹം സ്ട്രൈവ് അസറ്റ് മാനേജ്മെൻറ് എന്ന നിക്ഷേപ സ്ഥാപനവും സ്ഥാപിച്ചിട്ടുണ്ട്.



