കോന്നി: തഹസിൽദാർ പദവയിൽനിന്ന് മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റവന്യൂവകുപ്പിന് അപേക്ഷ നൽകി എ.ഡി.എം നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ. സ്വതന്ത്രവും ഗൗരവമേറിയതും ഏറെ ഉത്തരവാദിത്വമുള്ളതുമാണ് തഹസിൽദാൽ ജോലി. ഇത് നിറവേറ്റാനുള്ള മാനസികാവസ്ഥയിലൂടെയല്ല കടന്നുപോകുന്നതെന്നും സമാന പദവിയായ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റിത്തരണമെന്നുമാണ് അപേക്ഷയിലുള്ളത്.

നിലവിൽ കോന്നി തഹസിൽദാരാണ് മഞ്ജുഷ. അവധി കഴിഞ്ഞ് ഡിസംബർ ആദ്യവാരം ജോലിയിൽ തിരികെ പ്രവേശിക്കേണ്ടതുമാണ്. ഈ സാഹചര്യത്തിലാണ് പദവി മാറ്റിത്തരണമെന്ന അപേക്ഷ മഞ്ജുഷ റവന്യൂവകുപ്പിന് നൽകിയിരിക്കുന്നത്. 

മഞ്ജുഷയുടെ അപേക്ഷയിൽ റവന്യൂവകുപ്പ് അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല സർവീസ് സംഘടനകൾക്കും മഞ്ജുഷയുടെ താത്പര്യത്തിന് ഒപ്പം നിൽക്കമെന്ന അഭിപ്രായമാണ്. അങ്ങനെയാണെങ്കിൽ അടുത്തമാസം ജോലിയിൽ പ്രവേശിക്കുമ്പോൾ പുതിയ പദവിയിലായിരിക്കും മഞ്ജുഷയുണ്ടാവുക.

ഒക്ടോബർ 16-ന് പുലർച്ചെയായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന പത്തനംതിട്ട മലയാപ്പുഴ സ്വദേശി നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പത്തനംതിട്ട എ.ഡി.എം ആയി നാട്ടിലേക്ക് പോകാനിരിക്കെ സഹപ്രവർത്തർ നൽകിയ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യ നടത്തിയ അപമാനകരമായ പരാമർശം ആത്മഹത്യയിലേയ്ക്ക് നയിച്ചെന്നാണ് ആരോപണം. കേസിൽ പി.പി ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.