ന്യൂഡെല്‍ഹി: മതസ്വാതന്ത്ര്യം സംബന്ധിച്ച യുഎസ് റിപ്പോര്‍ട്ട് പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇന്ത്യ ശക്തമായി തള്ളിക്കളഞ്ഞു.

ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വഷളാകുന്നുവെന്നും ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യം’ ആയി ഇന്ത്യയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നതാണ് യുഎസ് ഫെഡറല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ഇന്ത്യയെക്കുറിച്ചുള്ള വസ്തുതകളെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തെ സംബന്ധിച്ച ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ അജണ്ടയുള്ള ഒരു പക്ഷപാതപരമായ സംഘടനയാണിത്. ഇത് വസ്തുതകളെ തെറ്റായി പ്രതിനിധീകരിക്കുകയും ഇന്ത്യയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു,” രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ഇത്തരം ‘അജണ്ട അടിസ്ഥാനമാക്കിയുള്ള’ ശ്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുകയും യുഎസിനുള്ളിലെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുഎസ്സിഐആര്‍എഫിന് പ്രയോജനപ്പെടുമെന്നും ഉപദേശിച്ചു.