ബിബിസി മുന്‍ വാര്‍ത്ത അവതാരകന് ജയില്‍ ശിക്ഷ. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി പങ്കുവെച്ചെന്ന കുറ്റത്തിന് വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡ്‌സിനാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ലൈംഗിക കുറ്റവാളികള്‍ക്കുള്ള ചികിത്സക്കും എഡ്വേര്‍ഡ്‌സ് വിധേയമാകണം. ഇതിന് പുറമെ ജോലിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മോശമായി കൈകാര്യം ചെയ്‌തെന്ന് എഡ്വേര്‍ഡസ് കുറ്റസമ്മതം നടത്തിയിരുന്നു.

ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുമായി ഹ്യൂ എഡ്വേര്‍ഡ് വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതും അശ്ലീല ചിത്രങ്ങള്‍ നല്‍കാമെന്ന സന്ദേശമയച്ചതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഹ്യൂ എഡ്വേര്‍ഡിനെ ഏഴ് വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. ജൂലൈ മാസത്തില്‍ ബിബിസിയുടെ മുന്‍ വാര്‍ത്ത അവതാരകന്‍ തന്റെ കൈവശം വാട്‌സ് ആപ്പില്‍ പങ്കെവെക്കപ്പെട്ടതടക്കം 41 കുട്ടികളുടെ ചിത്രങ്ങളുണ്ടെന്ന് സമ്മതിച്ചിരുന്നു. അശ്ലീല ചിത്രങ്ങളില്‍ ഒന്ന് ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതായിരുന്നു. ലൈംഗിക കുറ്റവാളിയായ അലക്സ് വില്യംസ് എന്ന 25 കാരനാണ് എഡ്വേര്‍ഡിന് ചിത്രങ്ങള്‍ അയച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.