ന്യൂയോര്‍ക്ക്: അമേരിക്കയെ കണ്ണീരിലാഴ്ത്തിയ 9/11 ആക്രമണങ്ങളുടെ വാര്‍ഷികം ആഘോഷിക്കുന്നതിനായി ജോ ബൈഡനും കമല ഹാരിസും ഡോണള്‍ഡ് ട്രംപും ബുധനാഴ്ച ന്യൂയോര്‍ക്കിലെ 9/11 സ്മാരകത്തില്‍ എത്തി. തീ പാറിയ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് മണിക്കൂറുകള്‍ക്കുള്ളിലാണ് കമലയും ട്രംപും ഒന്നിച്ച് വീണ്ടുമൊരു വേദി പങ്കിട്ടത്.
രാഷ്ട്രീയവും ചൂടേറിയ ചര്‍ച്ചയുടെ വാക്പോരുകളും മറന്ന് ഹസ്തദാനം ചെയ്താണ് ഇരുവരും 9/11 അനുസ്മരണ വേദിയിലെത്തിയത്. റേറ്റിംഗ് ഏജന്‍സിയായ നീല്‍സന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ഫിലാഡല്‍ഫിയയിലെ എബിസി ന്യൂസ് സംവാദം 57.5 ദശലക്ഷം അമേരിക്കക്കാര്‍ വീക്ഷിച്ചു. ജൂണില്‍ പ്രസിഡന്റ് ജോ ബൈഡനെ മത്സരത്തില്‍ നിന്ന് പുറത്താക്കിയ മോശം പ്രകടനം കണ്ടത് 51.3 ദശലക്ഷത്തിലധികം പേരായിരുന്നു.
നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വാക്കുകള്‍ക്കൊണ്ട് പരസ്പരം മുറിവേല്‍പ്പിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ വളരെ സംയമനത്തോടെ വേദിയില്‍ ചിലവഴിച്ചു.
2001 സെപ്തംബര്‍ 11 ന് രാവിലെയാണ് അമേരിക്കയില്‍ വിവിധ ഇടങ്ങളിലായി അല്‍-ഖ്വയ്ദ തീവ്രവാദികള്‍ ഭീകരാക്രമണം നടത്തിയത്.
അല്‍-ഖ്വയ്ദയില് നിന്നുള്ള തീവ്രവാദികള്‍ നാല് വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തു. ഇതില്‍ രണ്ട് വിമാനങ്ങള്‍, യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 175, അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 11 എന്നിവ ബോസ്റ്റണില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് പോകുകയായിരുന്നെങ്കിലും തീവ്രവാദികള്‍ വഴിതിരിച്ചുവിട്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത്, സൗത്ത് ടവറുകളില്‍ ഇടിച്ച് അപകടമുണ്ടാക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ മറ്റൊരു വിമാനമായ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 77 പെന്റഗണിലേക്ക് പറത്തി. നാലാമത്തെ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 93, ധീരരായ യാത്രക്കാര്‍ ഹൈജാക്കര്‍മാരില്‍ നിന്ന് നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ ഒരു വയലില്‍ തകര്‍ന്നുവീണു.
2977 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അമേരിക്കയെ വല്ലാതെ വേദനിപ്പിച്ചു. ഇരകളായവരില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് 2 വയസും പ്രായം കൂടിയ ഇരയ്ക്ക് 82 വയസുമുണ്ടായിരുന്നു.



