ബെംഗളൂരു നഗരത്തിലെ തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടി യുവതി. അപ്രതീക്ഷിതമായി യുവതി കാറിന് മുന്നിലേക്ക് നടന്ന് വന്ന്, വീഴുന്ന സംഭവത്തിന്‍റെ വീഡിയോ കാറിന്‍റെ ഡാഷ്ക്യാമില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഒരു ഡാഷ്ക്യാം വയ്ക്കുക. എപ്പോഴാണ് ഇത് നിങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. പ്രത്യേകിച്ചും, അത് ഒരു സ്ത്രീയായിരിക്കുമ്പോൾ. എന്തെങ്കിലും സംഭവിച്ചാൽ, ആളുകൾ തൽക്ഷണം അവളുടെ പക്ഷം ചേരും.’ എന്ന കുറിപ്പോടെ ഷോണി കപൂര്‍ എന്ന എക്സ് ഉപയോക്താവാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
കാറിന്‍റെ ഡാഷ്ക്യാം വീഡിയോയില്‍, തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുന്ന ഒരു യുവതിയെ കാണാം. ഇവരെ കണ്ടതും ഡ്രൈവര്‍ കാറിന്‍റെ വേഗം കുറച്ച് റോഡില്‍ നിര്‍ത്തുന്നു. എന്നാല്‍, മുന്നില്‍ കാറ് കണ്ടിട്ടും മാറാതെ നിന്ന യുവതി കാര്‍ നിര്‍ത്തിയതിന് പിന്നാലെ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി വീഴുന്നതായി അഭിനയിക്കുന്നു. ഈ സമയം കാര്‍ ഡ്രൈവര്‍ പോലീസ് പോലീസ് എന്ന് ഉറക്കെ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. വീണിടത്ത് നിന്നും എഴുന്നേറ്റ യുവതി, ഡ്രൈവറുടെ നിലവിളി കേട്ട് കാറിന്‍റെ ബോണറ്റില്‍ രണ്ട് കൈകള്‍ കൊണ്ടും അടിച്ച ശേഷം എന്തോ പറയുകയും പിന്നാലെ കാറിന് മുന്നില്‍ നിന്ന് തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനായി ഒരു വശത്തേക്ക് നീങ്ങുന്നതും കാണാം. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ ഡ്രൈവറുടെ അമ്പരപ്പ് ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.



