ടെൽ അവീവ്: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇറാൻ തിരിച്ചടിക്കുമെന്ന ആശങ്കയ്ക്കിടെ മകന് കൂടുതൽ സുരക്ഷ നൽകണമെന്ന് ബെഞ്ചമിൻ നെതന്യാഹു. ഫ്‌ളോറിഡയിലുള്ള മകൻ യായിർ  നെതന്യാഹുവിന് കൂടുതൽ സംരക്ഷണം നൽകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അവസാനം ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്.

ഹനിയയുടെ രക്തത്തിന് പകരമായി ഇസ്രയേലിലെ ഉന്നതരായ വ്യക്തികളെ ഇറാൻ നോട്ടമിടുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.

2023 ഏപ്രില്‍ മുതല്‍ ഫ്‌ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിർ നെതന്യാഹു കഴിയുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ചെലവ് നേരത്തെയും ഇസ്രായേലില്‍ വലിയ വിവാദത്തിനിടയാക്കിയിരുന്നു. പ്രതിവർഷം ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കു മാത്രമായി 25 ലക്ഷം ഇസ്രായേല്‍ ഷെകല്‍(ഏകദേശം 5.72 കോടി രൂപ) ആണു സർക്കാർ ഖജനാവില്‍നിന്നു ചെലവിടുന്നത്. ഓരോ മാസവും രണ്ടു ലക്ഷം ഷെകല്‍(ഏകദേശം 45 ലക്ഷം രൂപ) ആണ് ചെലവാകുന്നത്.

പേഴ്‌സനല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ഉപദേശക സമിതിക്കു മുന്നില്‍ നെതന്യാഹുവിന്റെ ഓഫിസ് ചുമതലയുള്ള ഡയരക്ടർ ജനറല്‍ യോസി ഷെല്ലിയാണ് മകന്റെ സുരക്ഷ കൂട്ടാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇറാൻ ആക്രമണം തന്നെയാണ് അപേക്ഷയില്‍ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിദേശത്തുള്ള ഇസ്രയേലികളുടെ സുരക്ഷയുടെ ചുമതലയുള്ള രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിൻ്റെ സംരക്ഷണത്തിലാണ് യായിർ  നെതന്യാഹു. അതേസമയം യായിറിനെതിരെ നിലവിൽ പ്രത്യക്ഷമായ ഭീഷണികളൊന്നുമില്ലാത്തതിനാൽ സുരക്ഷ വർധിപ്പിച്ചേക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ ഇസ്രായേലി മാധ്യമ ചാനലായ ‘ചാനൽ 12’നോട് പറഞ്ഞു. നെതന്യാഹുവിന്റെ ഭാര്യ സാറയുടെയും മറ്റൊരു മകനായ ആവ്‌നറിന്റെയും സുരക്ഷയും കൂട്ടിയിട്ടുണ്ട്. രണ്ടുപേരും നെതന്യാഹുവിനൊപ്പം ഇസ്രായേലിലാണു കഴിയുന്നത്.