നൈജീരിയയിലെ ഇക്യായോറിൽ ഓൾ സെയിൻ്റ്‌സ് കത്തോലിക്കാ ഇടവകയ്ക്കു  നേരെ നൈജീരിയൻ സൈനിക ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തെ നൈജീരിയയിലെ വുകാരി രൂപത അപലപിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉണ്ടായ ആക്രമണത്തിൽ ഇടവക വികാരി ഫാ. ബെർണാഡ് ഉനത്തിനെയും അദ്ദേഹത്തിന്റെ സഹായികളെയും ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

രാവിലെ 9-നും 10-നും ഇടയിൽ നടന്ന ആക്രമണത്തിൽ, സഹായിയായിരുന്ന ഒരാൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു. നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ മകുർദിയിൽ നിന്നുള്ളവരെന്ന് സംശയിക്കുന്ന സൈനിക ഉദ്യോഗസ്ഥർ ഫാ. ബെർണാഡ് ഉനത്തിന്റെ വസതിയിൽ എത്തി മർദിക്കുകയായിരുന്നുവെന്ന് രൂപത ചൂണ്ടിക്കാട്ടി. “ഏകദേശം ആറോളം സൈനിക ട്രക്കുകളിലും മോട്ടോർസൈക്കിളുകളിലുമായി എത്തിയ അവർ ഫാ. ബെർണാർഡിനെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും ആക്രമിക്കാൻ തുടങ്ങി. ആക്രമണത്തിനിടെ, വൈദികന്റെ സഹായിയായ കൊർണേലിയസ് ടെർഹെമന്റെ കണ്ണ് നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു.

വികസനം, നീതി, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ സ്ഥാപനങ്ങളുമായി നിരന്തരം സഹകരിച്ചിട്ടും പള്ളി പരിസരത്ത് സംഭവിച്ച ഈ ആക്രമണത്തിൽ നൈജീരിയൻ രൂപത ഞെട്ടൽ രേഖപ്പെടുത്തി. വൈദികൻ അക്രമികളുമായി സംസാരിച്ചതിന് ശേഷവും അക്രമികൾ ആക്രമണം തുടരുകയായിരുന്നു. “ഫാ. ബെർണാഡിന്റെ ഫോൺ ഉടൻ തിരികെ നൽകണമെന്നും ആക്രമണത്തെത്തുടർന്ന് കണ്ണിന് ഗുരുതരമായി പരിക്കേറ്റ കൊർണേലിയസ് ടെർഹെമന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” രൂപതയുടെ ഭാരവാഹികൾ പറഞ്ഞു.

വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് രൂപതയുടെ പരിധിയിലുള്ള തരാബ സംസ്ഥാന ഗവർണറോടും രൂപത ആവശ്യപ്പെട്ടു.