തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ കുറ്റം നിഷേധിച്ചു.
കുറ്റകരമായ നരഹത്യ (304) ഉള്‍പ്പെടെ നാലു വകുപ്പുകള്‍ ചുമത്തിയാണ് ശ്രീരാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം. മോട്ടോര്‍ വാഹന നിയമം (184), ഐപിസി 279,201, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചശേഷമാണ് ശ്രീരാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ചത്. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും ശ്രീറാം ഹാജരാകാത്തതിനെ കോടതി വിമർശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹാജരായത്.
2019 ആഗസ്റ്റ് മൂന്നിന് അർദ്ധരാത്രി ഒരു മണിയ്ക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമ പ്രവർത്തകനായ കെഎം ബഷീർ കൊല്ലപ്പെട്ടത്.
വലിയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ ശ്രീരാം വെങ്കിട്ടരാമനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊണ്ടത്. പ്രതിഷേധം ശക്തമായതോടെയാണ് കേസിൽ ശ്രീരാമിനെതിരെ പൊലീസ് നടപടിയെടുത്തത്.



