ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 

ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം യുകെയില്‍ 2003ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് കോണ്‍ഗ്രസ് എംപിയെന്നും അവകാശപ്പെട്ട് സ്വാമി 2019ല്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

2005 ഒക്ടോബര്‍ 10 നും 2006 ഒക്ടോബര്‍ 31 നും സമര്‍പ്പിച്ച വാര്‍ഷിക റിട്ടേണുകള്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് തെളിയിക്കുന്നതായി സ്വാമി ആരോപിച്ചു. 2009 ഫെബ്രുവരി 17-ന് ബാക്കോപ്സ് ലിമിറ്റഡിന്റെ പിരിച്ചുവിടല്‍ അപേക്ഷയില്‍ രാഹുല്‍ ഗാന്ധി വീണ്ടും ബ്രിട്ടീഷുകാരനെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സ്വാമി ആരോപിച്ചു. 

ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9 ന്റെയും 1955 ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്ന് സ്വാമി പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 2019 ഏപ്രില്‍ 29 ന് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തില്‍ വസ്തുതാപരമായ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

കത്ത് നല്‍കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലുള്ള തീരുമാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ലെന്ന് സ്വാമി ആരോപിച്ചു.