ഹിൻഡൻബർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ട്ടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപിന്റ്‌റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിൻവാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകർക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ബിഎസ്ഇയിൽ അദാനി ഗ്രീൻ എനർജി ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞ് ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 5 ശതമാനവും അദാനി പവർ 4 ശതമാനവും അദാനി വിൽമർ, അദാനി എനർജി സൊല്യൂഷൻസ്, അദാനി എൻ്റർപ്രൈസസ് എന്നിവ ഏകദേശം 3 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
അദാനി ഗ്രൂപ്പിനെതിരെ പുതിയ ആരോപണങ്ങളൊന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ ഇല്ലെങ്കിലും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി വ്യാപാരം നടത്താൻ ഉപയോഗിച്ച ബെർമുഡ, മൗറീഷ്യസ് ആസ്ഥാനമായുള്ള, അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്.



