ഇസ്ലാമാബാദ്: പാര്‍പ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ മുന്‍ മേധാവി ഫായിസ് ഹമീദിനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തു. ടോപ് സിറ്റി കേസില്‍ പാക് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഹമീദിനെതിരെ അന്വേഷണം നടത്തിയെന്ന് പാകിസ്ഥാന് ആര്‍മിയുടെ പബ്ലിക് റിലേഷന്‍സ് വിംഗ് പറഞ്ഞു. ഇതിന് ശേഷം പാകിസ്ഥാന് ആര്‍മി ആക്ടിന്റെ വ്യവസ്ഥകള്‍ പ്രകാരം ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിക്കുകയാണെന്നും സൈന്യം അറിയിച്ചു.
ഇത് കൂടാതെ, വിരമിക്കലിന് ശേഷം ഫായിസ് ഹമീദ്, പാകിസ്ഥാന് ആര്‍മി ആക്റ്റ് ലംഘിച്ചതിന്റെ ഒന്നിലധികം സംഭവങ്ങളും കണ്ടെത്തപ്പെട്ടു. കസ്റ്റഡിയിലെടുത്ത ഹമീദിനെതിരെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചെന്നും പാക് സൈന്യം വ്യക്തമാക്കി.
പാകിസ്ഥാനിലെ സ്വകാര്യ ഭവന പദ്ധതിയായ ടോപ്പ് സിറ്റിയുടെ ഉടമയായ മോയീസ് ഖാന്റെ ഓഫീസുകളിലും വസതികളിലും ഹമീദിന്റെ നിര്‍ദേശപ്രകാരം അനധികൃതമായി റെയ്ഡ് നടത്തിയിരുന്നു. ഹമീദിനെതിരെയുള്ള അധികാര ദുര്‍വിനിയോഗം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാകിസ്ഥാന് സൈന്യം ഏപ്രിലില്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു.



