ന്യൂയോര്‍ക്ക്: ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ 8 മുതല്‍ 11 വരെ നടക്കുന്ന ഫോമാ കണ്‍വന്‍ഷനില്‍ ജനറല്‍ ബോഡിയും അതിന്റെ ഭാഗമായി നടക്കുന്ന തിരഞ്ഞെടുപ്പും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫോമാ പ്രസിഡന്റിനും കമ്മറ്റിക്കും കൂടാതെ ഇലക്ഷന്‍ കമ്മീഷനും അറ്റോര്‍ണിയുടെ നോട്ടീസ്.

501 സി 3 ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ നിയമപരമായ ഒരുക്കങ്ങള്‍ നടത്താതെയാണ് ജനറല്‍ ബോഡിയും ഇലക്ഷനും നടത്തുന്നത് എന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. 45 ദിവസം മുന്‍പ് എല്ലാ അസ്സോസിയേഷനുകള്‍ക്കും ഫോമാ ഡെലിഗേറ്റുകള്‍ക്കും ജനറല്‍ ബോഡിയും ഇലക്ഷനും നടത്തുന്നതിനുള്ള നോട്ടീസ് അയച്ചിരിക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല എന്നും നോട്ടീസില്‍ പറയുന്നു.

എക്‌സികുട്ടീവ് കമ്മറ്റിയും ഇലക്ഷന്‍ കമ്മീഷനും നിയമവിരുധമായും നിരുത്തരവാദപരമായും നടത്തിയ ഈ നീക്കങ്ങള്‍ ഫോമയെന്ന മഹത്തായ സംഘടനയുടെ യശസിന് കളങ്കമായെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
സംഘടനയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി തികച്ചും നിയമപരമല്ലാത്ത ഈ നടപടികള്‍ക്ക് കൂട്ട് നില്‍ക്കുവാന്‍ തനിക്കാവില്ലെന്നും അതിനാലാണ് താന്‍ ഇങ്ങനെയൊരു നടപടിക്ക് മുതിര്‍ന്നതെന്നും സ്ഥാനാര്‍ഥി കൂടിയായ ബിനൂപ് ശ്രീധരന്‍ അറിയിച്ചു ടെക്‌സാസിലെ ഷുഗര്‍ലാന്‍ഡിലുള്ള നാര്‍വിയോസ് ലോ ഫേം ആണ് നോട്ടീസ് നല്‍കിയത്.