പാരീസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിൻറെ അയോഗ്യത ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ വിഷയത്തിൽ ചർച്ച അനുവദിക്കാത്ത ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പ്രതിപക്ഷത്തോട് കയർത്ത് സഭ വിട്ടു. ഏത് വേദിയിലും ചർച്ചക്ക് സർക്കാർ തയ്യാറാണെന്നും, പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണെന്നും മന്ത്രി ജെ പി നന്ദ വ്യക്തമാക്കി.
രാജ്യസഭ നടപടികൾ തുടങ്ങിയ ഉടൻ വിനേഷ് ഫോഗട്ടിൻറെ അയോഗ്യത ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖർഗെ ആവശ്യപ്പെട്ടു. എന്നാൽ ചർച്ചയില്ലെന്ന് ജഗദീപ് ധൻകർ അറിയിച്ചു. മുദ്രാവാക്യം മുഴക്കിയ തൃണമൂൽ എംപി ഡെറിക് ഒബ്രിയാന് ശാസന നൽക്കുയും ചെയ്തു. ഇതോടെ പ്രതിപക്ഷം സഭ വിട്ടു. പ്രതിപക്ഷത്തിന് നേരെ ജഗദീപ് ധൻകർ വിമർശനം തുടർന്നു. കേന്ദ്രമന്ത്രി ജെ പി നദ്ദ സർക്കാർ നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിൻറെ നടപടി വേദനപ്പിച്ചെന്നും, നിരന്തരം അപമാനിക്കുകയാണെന്നും ധൻകർ പറഞ്ഞു. നടപടികളിൽ തുടരാനാവില്ലെന്ന് വ്യക്തമാക്കി സഭ വിട്ടു.
വിഷയം ചർച്ച ചെയ്യണമെന്ന് ലോക്‌സഭയിലും പ്രതിപക്ഷം ആവശ്യമുയർന്നുണ്ട്. വിനേഷ് ഫോഗട്ടിൻറെ സംസ്ഥാനമായ ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിൻറെ തീരുമാനം.



