ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ പാന്‍ഹാന്‍ഡില്‍ ബീച്ചില്‍ നീന്തുന്നതിനിടെ മൂന്ന് പേര്‍ മുങ്ങി മരിച്ചതായി അധികൃതര്‍ അറിയിച്ചു. അലബാമ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.

യുവാക്കള്‍ വെള്ളിയാഴ്ച വൈകുന്നേരം പനാമ സിറ്റി ബീച്ച് ഏരിയയിലേക്ക് യാത്ര ചെയ്തതായി ബേ കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

യുവാക്കള്‍ അപകടത്തില്‍ പെട്ടതായി രാത്രി 8 മണിക്ക് ശേഷം ഷെരീഫിന്റെ ഓഫീസിലേക്ക് അടിയന്തര കോള്‍ ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. യുഎസ് കോസ്റ്റ് ഗാര്‍ഡും മറ്റുള്ളവരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പുരുഷന്മാരെ വെവ്വേറെ ഇടങ്ങളില്‍ നിന്ന് കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ ആഴ്ച ആദ്യം, ഉയര്‍ന്ന അപകട സാധ്യതയെ സൂചിപ്പിച്ച് ബീച്ചില്‍ ചുവന്ന പതാകകള്‍ സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച, ആറ് കുട്ടികളുമായി ഫ്‌ളോറിഡ സന്ദര്‍ശിക്കാനെത്തിയ പെന്‍സില്‍വാനിയയില്‍ നിന്നുള്ള ദമ്പതികള്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചിരുന്നു.