ഒരു സമ്പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇസ്രായേലിൽ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന് ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയുടെ തലവൻ, ഹസൻ നസ്‌റുല്ല. കഴിഞ്ഞയാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള സീനിയർ കമാൻഡർ തലേബ് അബ്ദുള്ളയെ അനുസ്മരിക്കുന്ന ചടങ്ങിൽ മറ്റ് മൂന്ന് പ്രവർത്തകർക്കൊപ്പം സംസാരിച്ച നസ്റല്ല, ഇസ്രായേലുമായി വർധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ചു വെളിപ്പെടുത്തുകയായിരുന്നു. തങ്ങൾ ഹമാസിനെ പിന്തുണച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നസ്‌റല്ല പറഞ്ഞു.

തങ്ങൾക്കെതിരെ ഇസ്രായേൽ വലിയ തോതിലുള്ള ആക്രമണം നടത്തുകയാണെങ്കിൽ, തിരിച്ച് ഭൂമിയിൽ നിന്നും ആകാശത്തിൽ നിന്നും കടലിൽ നിന്നുമുള്ള ആക്രമണത്തിന് തയ്യാറാകണമെന്നും മെഡിറ്ററേനിയനിലെ സ്ഥിതി പൂർണ്ണമായും മാറുമെന്നും നസ്റല്ല ഭീഷണിയുയർത്തി. ‘ഒരു സമ്പൂർണ്ണ യുദ്ധമുണ്ടായാൽ ഞങ്ങളുടെ ആയുധങ്ങളിൽ നിന്ന് ഇസ്രായേലിൽ ഒരു സ്ഥലവും രക്ഷപെടില്ല’ എന്നും നസ്റല്ല മുന്നറിയിപ്പ് നൽകി. കൂടാതെ തങ്ങൾ മിഡിൽ ഈസ്റ്റ് രാജ്യമായ സൈപ്രസിനെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും തീവ്രവാദ നേതാവ് കൂട്ടിച്ചേർത്തു.

തീവ്രവാദി സംഘം പുതിയ മിസൈലുകളും ഡ്രോണുകളും വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നുവെന്നും അതിന്റെ മനുഷ്യ-സൈനിക സ്രോതസ്സുകൾ എന്നത്തേക്കാളും വലുതാണെന്നും നസ്‌റല്ല വ്യക്തമാക്കി. ഇസ്രായേലിലെ സൈനികതാവളങ്ങളും ആസ്ഥാനങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും നസ്‌റല്ല അവകാശപ്പെട്ടു. ആഴ്ചകൾ നീണ്ട കര ഓപ്പറേഷൻ നടത്തിയിട്ടും റാഫയിലെ ഹമാസ് സേനയെ പൂർണ്ണമായും തകർക്കാൻ ഐ. ഡി. എഫിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന പരിഹാസവും ഹിസ്ബുള്ള നേതാവ് ഉയർത്തി.