ലോക് സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സര്‍കാര്‍ ജീവനക്കാര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്കേര്‍പെടുത്തി യോഗി ആദിത്യനാഥ്.  ഒരു ജീവനക്കാരനും സര്‍കാറിന്റെ അനുമതിയില്ലാതെ പത്രങ്ങളിലോ ടിവി ചാനലുകളിലോ സമൂഹ മാധ്യമ സൈറ്റുകളിലോ  എഴുതുകയോ പറയുകയോ ചെയ്യരുതെന്നാണ് നിയമന- പേഴ് സനല്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രടറി ദേവേഷ് ചതുര്‍ദേവി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു സര്‍കാര്‍ ഉദ്യോഗസ്ഥനും ഏതെങ്കിലും പത്രമോ മാസികയോ നടത്താനോ നിയന്ത്രിക്കാനോ എഡിറ്റിങ്ങിനോ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സര്‍കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പാസാക്കിയത്. സര്‍കാരിന്റെ പദ്ധതികള്‍ പരസ്യപ്പെടുത്താന്‍ ടിവി ഷോകളിലും മറ്റ് മാധ്യമ പരിപാടികളിലും പങ്കെടുക്കാന്‍ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും നിര്‍ബന്ധിക്കുന്നതും സര്‍കാരാണ്. 

ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ യൂനിഫോമില്‍ പൊലീസുകാര്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് സര്‍കാരിനെ പുകഴ്ത്തുന്ന നിരവധി പ്രത്യേക ഷോകള്‍ വാര്‍ത്താ ചാനലുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബിജെപിയുടെ ജനപ്രീതി കുറഞ്ഞുവെന്ന് തോന്നുന്നതിനാല്‍ സര്‍കാരിന്റെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച ജീവനക്കാരെ ഭയപ്പെടുത്തുകയാണ് ഇത്തരം ഉത്തവുകള്‍ ഇറക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു ജീവനക്കാരന്‍ പ്രതികരിച്ചു.