വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കസ്റ്റംസ് പോർട്ടായി കേന്ദ്ര സർക്കാർ അംഗീകരിച്ചു. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. ഇതോടെ കയറ്റുമതിയും ഇറക്കുമതിക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി.
കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകാനുള്ള ഒരുക്കത്തിലാണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ (എപിഎസ്ഇഇസഡ്) നിര്‍മാണ, മാനേജ്‍മെന്‍റ് ചുമതലകൾ നിര്‍വഹിക്കുന്ന വിഴിഞ്ഞം തുറമുഖം. നിലവില്‍ കൊച്ചി അടക്കം കേന്ദ്ര സര്‍ക്കാരിനു കീഴില്‍ രാജ്യത്ത് 12 പൊതുമേഖലാ മേജര്‍ തുറമുഖങ്ങളുണ്ടെങ്കിലും ഇന്ത്യയില്‍നിന്നും തിരിച്ചും കടല്‍ വഴിയുള്ള മൊത്തം ചരക്കുനീക്കത്തിന്‍റെ 33 ശതമാനവും കൈകാര്യം ചെയ്യുന്നത് അദാനി ഗ്രൂപ്പ് നിയന്ത്രിക്കുന്ന മുന്ദ്ര തുറമുഖമാണ്.
ഇന്ത്യയിലെ ആദ്യ സ്വകാര്യ മേജര്‍ തുറമുഖവുമാണ് ഗുജറാത്തിലെ മുന്ദ്ര. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖവുമാണിത്. പക്ഷേ, രാജ്യാന്തര കപ്പല്‍പാതയില്‍നിന്ന് ഏറെ അകലെയാണെന്നതാണ് പോരായ്മ. വിഴിഞ്ഞമാകട്ടെ രാജ്യാന്തര കപ്പല്‍പാതയ്ക്ക് തൊട്ടടുത്താണ്. മാത്രമല്ല, 24 മീറ്റര്‍ സ്വാഭാവിക ആഴമുണ്ടെന്നതും 800 മീറ്റര്‍ ബെര്‍ത്താണ് സജ്ജമാകുന്നതെന്നതും വിഴിഞ്ഞത്തിന്‍റെ ആകര്‍ഷണമാകും. ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം. 17 മീറ്ററാണ് മുന്ദ്രയുടെ ആഴം. കൊച്ചി തുറമുഖത്ത് 14.5 മീറ്ററേയുള്ളൂ.
(ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ട്.) ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.



