ബെംഗളൂരു: മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കി സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
നീറ്റ് പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേടുകൾ അതീവ ഗുരുതരമാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാണ്. കേന്ദ്രസർക്കാർ നടത്തുന്ന നീറ്റിന് പകരം ഓരോ സംസ്ഥാനത്തിനും സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുമതി നൽകണം.
സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷയിൽ ഏത് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക സർക്കാർ നിരവധി കോളജുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ലഭിക്കുന്നത് ഉത്തരേന്ത്യയിലെ വിദ്യാർഥികള്‍ക്കാണ്. ഈ അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് കൂട്ടിച്ചേർത്ത ഡി.കെ. ശിവകുമാർ നീറ്റിലെ ക്രമക്കേടുകള്‍ക്കെതിരെ കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.



