ബെംഗളൂരു: കൊലക്കേസിൽ അറസ്റ്റിലായ കന്നഡ സിനിമാതാരം ദർശനും കൂട്ടുപ്രതികൾക്കും പോലീസ് സ്റ്റേഷനിൽ വി.ഐ.പി. പരിഗണന ലഭിച്ചതായി ആരോപണം. പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ബെംഗളൂരു അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷനിലേക്ക് ബിരിയാണി പൊതികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കന്നഡ ടി.വി. ചാനലുകൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇത്തരം ആരോപണമുയർന്നത്. എന്നാൽ, പോലീസ് ഇക്കാര്യം പൂർണമായും നിഷേധിച്ചു.
നഗരത്തിലെ പ്രമുഖ റസ്റ്ററന്റിൽനിന്ന് പോലീസ് സ്റ്റേഷനിലേക്ക് ബിരിയാണി പൊതികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് നടൻ ദർശന് വേണ്ടി കൊണ്ടുവന്നതാണെന്നും റിപ്പോർട്ടുകളുണ്ടായി. ഇതോടെ സാമൂഹികമാധ്യമങ്ങളിലടക്കം പോലീസിനെതിരേ വലിയ വിമർശനങ്ങളുയർന്നു. ഇതുസംബന്ധിച്ച വിവാദം കത്തിപ്പടർന്നതോടെയാണ് പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
സ്റ്റേഷനിൽ ഡ്യൂട്ടിക്കായി എത്തിയ പോലീസ് കബഡി ടീമിലെ അംഗങ്ങൾക്കായാണ് ബിരിയാണി കൊണ്ടുവന്നതെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഉയർന്ന സുരക്ഷക്രമീകരണങ്ങൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ പോലീസ് കബഡി ടീമിലെ അംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിക്കാറുണ്ട്. കഴിഞ്ഞദിവസം ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതായും ഇവർക്കായാണ് ബിരിയാണി പൊതികൾ സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നും പോലീസ് പറഞ്ഞു. നടൻ ദർശൻ സ്റ്റേഷനിലെ സെല്ലിൽവെച്ച് ഇഡ്ഡലിയാണ് കഴിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.



