ഇംഫാല്‍: മണിപ്പൂരിന്റെ അതിര്‍ത്തി പട്ടണമായ മോറെയ്ക്കടുത്തുള്ള ടി മോതയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന് ബുധനാഴ്ച അജ്ഞാതര്‍ തീയിട്ടു. ജിരിബാം ജില്ലയിലെ കലിനഗറില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്കും കടകള്‍ക്കും അക്രമികള്‍ തീയിട്ടിട്ടുണ്ട്. ജൂണ്‍ 6 ന് കാണാതായ ഒരാളുടെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹം കണ്ടെടുത്തതോടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ ഉണ്ടായത്. ഇതോടെ  1,000-ത്തിലധികം ആളുകള്‍ അസമിലേക്കും ജിരിബാം പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സുരക്ഷിത സ്ഥാനങ്ങള്‍ തേടി പലായനം ചെയ്തു.

മോറെ ടൗണിന് സമീപം ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിനാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ അജ്ഞാതര്‍ തീയിട്ടത്. സ്‌കൂളിന് തീയിട്ടതിന് ശേഷം സുരക്ഷാ സേന സ്ഥലത്തെത്തുന്നത് തടയാന്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ ഗ്രാമവാസികള്‍ ടി മോതയിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞു. 2023 മെയ് 3 ന് ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് ശേഷം അടച്ചിട്ടിരിക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് മോറെ. 

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മോറെ നഗരം വര്‍ഷങ്ങളായി അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമാണ്. മ്യാന്‍മറില്‍ നിന്നുള്ള നിരവധി സായുധ സംഘങ്ങള്‍ മോറെ പട്ടണത്തിലും  സഹേയ്, ഹാവോലെന്‍ഫായ്, ടി മിനോ, ഗോവജാങ്, ബി ബോങ്ജാങ് തുടങ്ങിയ സ്ഥലങ്ങളിലും തങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മണിപ്പൂരിലെ ജിരിബാം ജില്ലയിലെ കാളിനഗറില്‍ ബുധനാഴ്ച രാത്രി മൂന്ന് വീടുകളും ഒരു കടയും അഗ്‌നിക്കിരയായി. ഹ്‌മാര്‍ സമുദായാംഗത്തിന്റെ കടയാണിതെന്നാണ് പോലീസ് പറയുന്നത്.

രാത്രി 10.30 ഓടെയാണ് സംഭവം നടന്നതെന്നും ജില്ലാ പോലീസിന്റെ പെട്ടെന്നുള്ള പ്രതികരണത്തെത്തുടര്‍ന്ന് തീ അണച്ചതായും പോലീസ് പറഞ്ഞു. പിന്നീട്, വ്യാഴാഴ്ച പുലര്‍ച്ചെ 1:30 ഓടെ ഇതേ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടെങ്കിലും തീ അണച്ചു.

അതേസമയം, മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ വിപുലമായ സുരക്ഷാ വാഹനവ്യൂഹം ചൊവ്വാഴ്ച ജിരിബാം ജില്ലയിലെത്തി. തിങ്കളാഴ്ച എന്‍എച്ച്-37 റോഡില്‍ സായുധരായ തീവ്രവാദികള്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. മുഖ്യമന്ത്രി ജിരിബാം സന്ദര്‍ശിച്ച് ദുരിതബാധിതരെ കാണും.