വാഷിംഗ്ടണ്‍: പ്രധാന വായ്പാ പലിശ നിരക്കുകള്‍ മാറ്റാതെ യുഎസ് ഫെഡറല്‍ റിസര്‍വ്. ഈ വര്‍ഷം ഒരിക്കല്‍ മാത്രമാവും നിരക്ക് കുറയ്ക്കുകയെന്ന് പ്രതീക്ഷിക്കുന്നതായി ഫെഡ് പറഞ്ഞു. 5.25 മുതല്‍ 5.50 ശതമാനം വരെയുള്ള നിലവിലെ പലിശ നിരക്ക് നിലനിര്‍ത്താന്‍ ഫെഡറല്‍ റിസര്‍വ് ഏകകണ്ഠമായി വോട്ട് ചെയ്തു. പണപ്പെരുപ്പം ദീര്‍ഘകാല ലക്ഷ്യമായ രണ്ട് ശതമാനത്തിലേക്ക് ‘മിതമായ’ പുരോഗതി കൈവരിച്ചതായും ഫെഡ് വ്യക്തമാക്കി. വളര്‍ച്ചാ കാഴ്ചപ്പാട് മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് 2024 ലെ പണപ്പെരുപ്പ പ്രവചനം ഉയര്‍ത്തുകയും ചെയ്തു ഫെഡറല്‍ റിസര്‍വ്.
മെയ് മാസത്തില്‍, മൂന്നാം നയ ക്രമീകരണ യോഗത്തില്‍ നിരക്ക് നിര്‍ണയ സമിതി ഏകകണ്ഠമായി പോളിസി നിരക്ക് 23 വര്‍ഷത്തെ ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്താന്‍ വോട്ട് ചെയ്തിരുന്നു.
”കമ്മറ്റിയുടെ രണ്ട് ശതമാനം പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് കൂടുതല്‍ പുരോഗതിയുടെ അഭാവമുണ്ട്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് സുസ്ഥിരമായി നീങ്ങുന്നുണ്ടെന്ന് കൂടുതല്‍ ആത്മവിശ്വാസം നേടുന്നത് വരെ ലക്ഷ്യ പരിധി കുറയ്ക്കുന്നത് ഉചിതമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല,’ ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കി.
ഭക്ഷണ, ഊര്‍ജ്ജ ചെലവുകള്‍ ഒഴികെയുള്ള ഉപഭോക്തൃ വിലകള്‍ ഏപ്രില്‍ മുതല്‍ മെയ് വരെ 0.2% വര്‍ദ്ധിച്ചു. എന്നിരുന്നാലും മുന്‍ മാസത്തെ 0.3% ല്‍ നിന്ന് കുറവാണിത്. ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ചെറിയ വര്‍ധനവാണിത്.



