കണ്ണൂർ: പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഈ വെള്ളത്താടിയുടെ രഹസ്യമെന്താ എന്ന് പത്മനാഭൻ ചോദിച്ചപ്പോൾ സുരേഷ് ഗോപി മറുപടിയായി നൽകിയത് ഒരു സിനിമാക്കഥ. ഗോകുലം ഗോപാലൻ നിർമാണം ചെയ്യുന്ന തന്റെ പുതിയ സിനിമയിൽ പത്മനാഭസ്വാമിയുടെ വേഷമാണ്. സിനിമയ്ക്ക് വേണ്ടി ആണെങ്കിൽ ഫിക്സ് ചെയ്താൽ പോരേ എന്ന് കൗതുകത്തോടെ തിരികെ പത്മനാഭന്‍ ചോദിച്ചപ്പോൾ അതിന് മറുപടിയായി സുരേഷ് ഗോപി പുഞ്ചിരിയോടെ പറഞ്ഞു. ‘അത് പറ്റില്ല പത്മനാഭസ്വാമിയുടെ വേഷമാണ്. ഒറിജിനൽ തന്നെ വേണം’.
കേന്ദ്രമന്ത്രിയായ ശേഷം കണ്ണൂരിൽ സന്ദർശനത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. വള്ളത്തോളിന്റെ കവിത പാടിയാണ് ടി പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ കേരളത്തിനായി സുരേഷ് ഗോപിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാന്‍ കഴിയുമെന്നും എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കണമെന്നും താൻ സുരേഷ് ഗോപിയോട് പറഞ്ഞതായി ടി പത്മനാഭൻ പറഞ്ഞു. ‘ബിജെപിയുടെ സ്ഥാനാര്‍ഥിയായിട്ടാണ് ജയിച്ചത്. പക്ഷേ ജയിച്ചുകഴിഞ്ഞ ശേഷം അദ്ദേഹം ബിജെപിയുടെ മന്ത്രിയല്ല, ജനങ്ങളുടെ മന്ത്രിയാണെന്ന് പറഞ്ഞപ്പോൾ അത് പറയേണ്ട കാര്യമുണ്ടോ താന്‍ അത് മാത്രമേ ചെയ്യു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്’- പത്മനാഭന്‍ പറഞ്ഞു.
രണ്ട് വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചത് കേരളത്തെ സംബന്ധിച്ചിടത്തോളം അത് പ്രധാനപ്പെട്ടതാണ്. കേരളത്തെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയും. അതിനുള്ള സന്മസും അദ്ദേഹത്തിനുണ്ട്. സഖാവ് പി കൃഷ്ണപിള്ളയെ കുറിച്ചുള്ള പുസ്തകം സുരേഷ് ഗോപിക്ക് സമ്മാനിച്ചതായും പത്മനാഭന്‍ പറഞ്ഞു.



