ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുന്നതിനിടെ എല്‍ഡിഎഫ് സര്‍കാരിന്റെ നേട്ടങ്ങളും പൊലീസിനുണ്ടായ പുരോഗതിയും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് ഏറ്റവും അവശ്യ ഘടകമായ സമാധാനാപൂര്‍ണ്ണമായ അന്തരീക്ഷം ഇന്ന് കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതിനോടൊപ്പം സുരക്ഷയോടും സമാധാനത്തോടും ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തിപ്പിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുപ്രധാന നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ടു വര്‍ഷക്കാലയളവില്‍ ആഭ്യന്തര വകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭാവനാപൂര്‍ണ്ണമായ നടപടികളുടെ ഫലമായിട്ടാണ് ഇത് സംഭവിച്ചത്. എട്ടു  വര്‍ഷം മുമ്പ് പൊലീസിനെക്കുറിച്ചുണ്ടായിരുന്ന ധാരണയല്ല, ഇന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും പൊലീസ് നടത്തിയ ഇടപെടല്‍ പൊലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വളരെയധികം മാറ്റം കൊണ്ടുവരാനിടയാക്കി. 

ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്‌നപരിഹാരത്തിനായി നിര്‍ഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി എന്ന് മാത്രമല്ല, സംസ്ഥാനത്തെ ഭൂരിപക്ഷം പൊലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദ വയോജന സൗഹൃദവും ശിശുസൗഹൃദവുമായി മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനായിട്ടുണ്ട്. അതോടൊപ്പം മതനിരപേക്ഷതയുടെ സംരക്ഷണവും ഉറപ്പാക്കാന്‍ പൊലീസിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം സാധിച്ചു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തു പറയത്തക്കതാണ്. 

ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ചേരിതിരിക്കാനുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലാണ് ഉണ്ടായത്. അതുകൊണ്ടാണ് രാജ്യത്തെ മറ്റു പല ഇടങ്ങളിലും വര്‍ഗ്ഗീയത ഫണം വിടര്‍ത്തി ആടിയപ്പോഴും മതനിരപേക്ഷതയുടെ ഉരുക്കുകോട്ടയായി കേരളം നിലകൊണ്ടത്. ഈ തെരഞ്ഞെടുപ്പ് കാലയളവില്‍ സമാധാനപരമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടായി എന്നതുമാത്രമല്ല, വളരെ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ പോലും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് പോറലേല്‍പ്പിക്കുന്ന വിധമുള്ള ഒരു സംഭവം പോലും സംസ്ഥാനത്ത് ഉണ്ടായില്ലായെന്നത് അഭിമാനത്തോടെ തന്നെ പറയാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ പൊലീസ് നല്ല രീതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്തും, പഴുതടച്ച കേസന്വേഷണ പ്രക്രിയയും പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുക വഴിയും, ഒരിക്കലും തെളിയില്ലെന്നു കരുതിയ ചില കേസുകള്‍ തെളിയിക്കാനായി. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ എത്രയോ പ്രതികള്‍ കല്‍ത്തുറുങ്കിലായി എന്നും മുഖ്യമന്ത്രി പറഞ്ഞു.