കഴിഞ്ഞയാഴ്ച ഇന്ത്യയിലേക്ക് വരാനിരുന്നതായിരുന്നു ടെസ്ല മേധാവി ഇലോൺ മസ്ക് എന്നാൽ മറ്റ് ചില അത്യാവശ്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു. ഇന്ത്യയിൽ ടെസ്ല ഫാക്ടറി ആരംഭിക്കുന്നതും ടെസ് ല വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന നീക്കങ്ങൾ ഈ സന്ദർശനത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ ഇന്ത്യാ സന്ദർശനം മാറ്റിവെച്ച ഇലോൺ മസ്ക് ഇപ്പോൾ ചൈനാ സന്ദർശനത്തിലാണ്. താൻ ചൈനയുടെ വലിയൊരു ആരാധകനാണെന്നും, തനിക്ക് ചൈനയിൽ നിരവധി ആരാധകരുണ്ടെന്നും മസ്ക് ചൈന കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡ് ചെയർമാൻ റെൻ ഹോങ്ബിന്നുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.
ഞായറാഴ്ചയാണ് മുൻകൂർ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഇലോൺ മസ്ക് ബെയ്ജിങിലെത്തിയത്. ചൈനീസ് പ്രധാനമന്ത്രി ലി ചിയാങുമായും മസ്ക് കൂടിക്കാഴ്ച നടത്തി. ചിയാങുമായി വർഷങ്ങളായി പരിചയമുണ്ടെന്ന് മസ്ക് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. ചൈനയിലെ ടെസ് ലയുടെ വിജയം ചൈന-അമേരിക്കൻ സാമ്പത്തിക, വാണിജ്യ സഹകരണത്തിന്റെ വിജയകരമായ ഉദാഹരണമാണെന്ന് ലി ചിയാങും അഭിപ്രായപ്പെട്ടു.
ഷാങ് ഹായിലെ ടെസ്ലയുടെ ഗിഗാ ഫാക്ടറി മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. കൂടുതൽ വിജയത്തിനായി ചൈനയുമായി കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് ടെസ്ല തയ്യാറാണെന്ന് മസ്ക് പറഞ്ഞു. ചൈനയിലെ ടെസ്ലയുടെ വിപണി ശക്തമാക്കുന്നതിനൊപ്പം ടെസ്ലയുടെ ഓട്ടോ പൈലറ്റ്, സൂപ്പർ വൈസ്ഡ് ഫുൾ സെൽഫ് ഡ്രൈവിങ് സാങ്കേതിക വിദ്യ ചൈനയിലേക്ക് എത്തിക്കുന്നുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നുവെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ കൂടിക്കാഴ്ച നടത്തുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാരണം വ്യക്തമാക്കാതെ മസ്ക് സന്ദർശനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.



