തിരുവനന്തപുരം: സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നുവെന്ന് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പറഞ്ഞു.

പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നതെന്ന് അനുശോചനക്കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി കാർത്യായനി അമ്മ നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെയ്ക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്.

കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃകാ വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ നാരീശക്തി പുരസ്കാര ജേതാവായ കാർത്യായനി അമ്മയുടെ ഫ്ലോട്ടും ഉൾപ്പെടുത്തിയിരുന്നു. മക്കൾ അനുവദിച്ചാൽ തുടർന്നും പഠിക്കണമെന്ന ആഗ്രഹം അവർ പരസ്യമാക്കിയിരുന്നു. ഏഴാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കവേ പക്ഷാഘാതം വന്ന് കിടപ്പിലായിരുന്നു.