പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തർക്ക് അന്നദാനം നടത്താനുള്ള ചുമതല പൂർണ്ണമായും തിരുവിതാംകൂർ ദേവസം ബോർഡിന് ലഭിച്ചു. അയ്യപ്പ സേവാസംഘത്തിലെ ഇരു വിഭാഗങ്ങളും അയ്യപ്പ സേവാസമാജവും സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി തള്ളിയതോടെയാണിത്. നേരത്തെ വിവിധ അയ്യപ്പ ഭക്ത സംഘടനകളുടെ പേരിൽ പമ്പയിലും ശബരിമലയിലും അന്നദാനം നടത്തിയിരുന്നു. എന്നാൽ ഇതിൽ വ്യാപക പരാതി ഉയർന്നതോടെ ഹൈക്കോടതി ഇത് ദേവസ്വം ബോർഡിനെ ഏൽപ്പിക്കുക ആയിരുന്നു.

ഇതേ തുടർന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അഭ്യർതഥന പ്രകാരം ഇവർക്കും ഇതിനുള്ള അനുമതി 2017ൽ കോടതി നൽകി. അയ്യപ്പ സേവാസംഘം പിളർന്നതോടെ രണ്ട് വിഭാഗങ്ങളും ഇതേ ആവശ്യം വീണ്ടും ഉന്നയിക്കുകയായിരുന്നു. ഇത് തള്ളിയതോടെയാണ് അയ്യപ്പ ഭക്തർക്കെല്ലാം ഭക്ഷണം നൽകാൻ ദേവസ്വം ബോർഡിന് ചുമതല ലഭിച്ചത്.