ജാതി സെൻസെസ് നടത്തേണ്ടതിന്റെ ആവശ്യകതയും കാരണവും വ്യക്തമാക്കി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാർത്താ സമ്മേളനത്തിനിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ദലിതരോ ആദിവാസികളോ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരോ ഇവിടെ ഉണ്ടെകിൽ കൈ ഉയർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി ഒരാൾ പോലും കൈ ഉയർത്തിയില്ലെന്ന് കോൺഗ്രസ് എക്‌സിലൂടെ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഇതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്താനുള്ള തീരുമാനത്തിന് പിന്നിലെ കാരണ മെന്ന് പാർട്ടി പറഞ്ഞു.

“മുറിയിലെ മാധ്യമപ്രവർത്തകരിൽ എത്ര ദളിതരും ഒബിസികളും ആദിവാസികളുമുണ്ടെന്ന് വീഡിയോയിൽ രാഹുൽ ചോദിച്ചു. ഇത് നോക്കൂ ഒരാൾ പോലും കൈ ഉയർത്തിയില്ല.”- രാഹുൽ ചൂണ്ടിക്കാട്ടി.

രാജ്യത്തെ സ്ഥാപനങ്ങളിലെ ഒബിസി, ആദിവാസി, ദളിത് വിഭാഗങ്ങളുടെ എണ്ണം അറിയാൻ കോൺഗ്രസ് ആവശ്യപ്പെടുന്നതിന്റെ കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനങ്ങൾ, സ്വത്തുക്കൾ, ആസ്തികൾ, ജനസംഖ്യ എന്നിവയെ കുറിച്ചാണ് കോൺഗ്രസ് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, കർണാടക, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ജാതി സെൻസസ് നടത്താനുള്ള തീരുമാനം കഴിഞ്ഞ ദിവസം രാഹുൽ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് മതത്തിന്റെയോ ജാതിയുടെയോ സ്വാധീനത്തിലുള്ളതല്ലെന്നും രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് പ്രയോജനം ചെയ്യുന്നതാണെന്നും വ്യക്തമാക്കി.

2024ലെ നിർണായക ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിഹാർ സർക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ അടുത്തിടെ പുറത്തുവന്നിരുന്നു. വിവാദമായ ഈ ജാതി സെൻസസ് പ്രധാനവാർത്തകളിൽ ഇടം നേടിയിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 63 ശതമാനവും ഒബിസിക്കാരാണെന്ന് ബീഹാർ സെൻസസ് വെളിപ്പെടുത്തുന്നു. ബിഹാറിലെ 13 കോടി ജനസംഖ്യയിൽ 19 ശതമാനത്തിലധികം പട്ടികജാതിക്കാരാണ് (എസ്‌സി), പട്ടികവർഗക്കാർ (എസ്‌ടി) 1.68 ശതമാനമാണെന്നും 15.52 ഉയർന്ന ജാതിക്കാരാണെന്നും സെൻസെസ് വ്യക്തമാക്കുന്നു.

ജാതി സെൻസസ് നടപ്പിലാക്കാനുള്ള തീരുമാനം കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചേർന്ന് ഏകകണ്ഠമായി എടുത്തതാണെന്നും രാഹുൽ വ്യക്തമാക്കി.