ന്യൂഡൽഹി: ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പ്രതികരിച്ച് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയതും പ്രത്യാക്രമണമാണെന്നത് പല മാധ്യമങ്ങളും കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാം സംസാരിക്കുമ്പോൾ ഇസ്രയേൽ സായുധശക്തികൾ നാൽപ്പത് കിലോമീറ്റർ നീളവും 20 കിലോമീറ്റർ മാത്രം വീതിയുമുള്ള ഗാസയിലെ 25 ലക്ഷത്തിന് അടുത്തുവരുന്ന ജനങ്ങൾക്കു നേരെ വലിയ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യാക്രമണം എന്ന് പറയുമ്പോൾ കഴിഞ്ഞ ദിവസം രാവിലെ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ഒരു ആക്രമണമുണ്ട്. അതും പ്രത്യാക്രമണമാണെന്ന് നമ്മുടെ പല മാധ്യമങ്ങളും കാണുന്നില്ല. എന്തുകൊണ്ടാണ്?, ബേബി ആരാഞ്ഞു.
ഇക്കൊല്ലം ഇപ്പോഴത്തെ ഈ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപുവരെ നാൽപ്പതു കുഞ്ഞുങ്ങൾ അടക്കം 248 പലസ്തീൻകാരെയാണ് ഇസ്രയേലികൾ വധിച്ചത്, ബേബി പറഞ്ഞു. സി.പി.എമ്മിന്റെ കഴിഞ്ഞ തവണ ചേർന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച രേഖയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്, ഒരു ദിവസം ഒരു പലസ്തീൻകാരൻ അല്ലെങ്കിൽ പലസ്തീൻകാരി എന്ന വിധത്തിലാണ് ഇസ്രയേലി സേനയുടെ ആക്രമണം നടന്നുവരുന്നത് എന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതി അടിയന്തരമായി യോഗം ചേരണമെന്ന് ഞായറാഴ്ച ചേർന്ന സി.പി.എം. പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിപ്പിക്കണം. പലസ്തീൻ പ്രശ്നത്തിന് സമാധാനപരമായി ശാശ്വതപരിഹാരം ഉണ്ടാക്കുക എന്നതാണ് ഇതിന് പോംവഴി. പലസ്തീൻ ജനതയ്ക്ക് ഇപ്പോഴും ഒരു രാഷ്ട്രമില്ല, ബേബി പറഞ്ഞു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തിട്ടുള്ള നിലപാട്, ഇന്ത്യ ചരിത്രപരമായി പലസ്തീൻ പ്രശ്നത്തോട് എടുത്തിട്ടുള്ള നിലപാടിൽനിന്ന് വ്യത്യസ്തമാണെന്നും അത് ദൗർഭാഗ്യകരമാണെന്നും ബേബി പറഞ്ഞു. മഹാത്മാ ഗാന്ധി പലസ്തീൻ പ്രശ്നത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള നിലപാടാണ് മഹാത്മാഗാന്ധി എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.



