കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. നേരത്തെ, ചോദ്യംചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു. കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്. 

അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത് വന്നു. കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്പോൺസേർഡ് അഴിമതിയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അഹോരാത്രം പരിശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

“കരുവന്നൂർ തട്ടിപ്പിലെ കൊള്ളക്കാരെ സംരക്ഷിക്കുകയും രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ചും പൊലീസുമാണ്. ഇഡിക്കെതിരെ കള്ള തിരക്കഥയുണ്ടാക്കിയത് സിപിഎം സെക്രട്ടറിയാണ്. സഹകരണ ബാങ്കിൽ നിക്ഷേപിച്ച എല്ലാവർക്കും പണം തിരികെ നൽകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത് അവരിൽ നിന്നും നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കുകയാണ് വേണ്ടത്. സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാൽ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ.” – സുരേന്ദ്രൻ പറഞ്ഞു. 

“ഇഡി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. ഈ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടപ്പെട്ട സിപിഎമ്മുകാരായ നിക്ഷേപകർ തന്നെയായിരുന്നുവെന്ന് ഗോവിന്ദൻ മറക്കരുത്. കേസിലെ സാക്ഷികളും വാദികളും ഇഡിയെ പിന്തുണയ്ക്കുമ്പോൾ വേട്ടക്കാരായ സിപിഎം നേതാക്കൾക്ക് മാത്രമാണ് ഇഡിയെ ഭയമുള്ളത്. തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട്. അതിലെല്ലാം കണ്ണൂർ ലോബിയുടെ സ്വാധീനവുമുണ്ട്.” കെ.സുരേന്ദ്രൻ പറഞ്ഞു.