ഉത്തർപ്രദേശിൽ മുസ്ലീം വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം സംസ്ഥാനം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. മുസാഫർനഗറിലെ സ്‌കൂളിലെ അധ്യാപിക മുസ്ലീം വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം.
അധ്യാപികയുടെ നിർദേശപ്രകാരം സ്‌കൂൾ വിദ്യാർഥികൾ മാറിമാറി സഹപാഠിയായ മുസ്‌ലിം വിദ്യാർഥിയെ മർദിക്കുകയായിരുന്നു. സംഭവത്തിൽ ആശങ്ക ഉയർത്തിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഒക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വാക്കാലുള്ള നിരീക്ഷണം നടത്തിയത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ മാസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയും വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഇതേ തുടർന്ന് അധ്യാപികയ്‌ക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതേസമയം ഉത്തർപ്രദേശ് പോലീസ് വിഷയം കൈകാര്യം ചെയ്ത രീതിയിൽ ഗുരുതരമായ എതിർപ്പുകളുണ്ടെന്ന് ബെഞ്ച് ഹർജി പരിഗണിക്കവേ പറഞ്ഞു.
“അധ്യാപിക ലക്ഷ്യമിടുന്നത് ഒരു വിഭാഗത്തെയാണ്. അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതി ഇതാണോ – ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം… കുട്ടിക്ക് വേണ്ടി സ്‌കൂൾ കൗൺസിലറെ നിയമിച്ചിട്ടുണ്ടോ? ഇത് ഗുരുതരമായ പ്രശ്‌നമാണ്.”- ബെഞ്ച് വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) വ്യവസ്ഥകൾ പാലിക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ആദ്യ പ്രശ്‌നമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നതും ഈ നിയമം നിരോധിക്കുന്നു.
“ഒരു പ്രത്യേക സമുദായത്തിൽ പെട്ടയാളാണെന്നതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെ ശിക്ഷിക്കാൻ ശ്രമിച്ചാൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാകില്ല.”- ബെഞ്ച് വ്യക്തമാക്കി.
കൂടാതെ വിദഗ്ധനായ ചൈൽഡ് കൗൺസിലറെ നിയമിച്ച് ഇരയ്ക്ക് കൗൺസിലിംഗ് നൽകാനും സംസ്ഥാന സർക്കാരിനോട് ബെഞ്ച് നിർദ്ദേശിച്ചു. അന്വേഷണം നിരീക്ഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിക്കാനും മൂന്നാഴ്ചയ്ക്കകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
“കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയുമായി ബന്ധപ്പെട്ട് സംസ്ഥാനം ഒരു കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളും കൗൺസിലിംഗും നൽകുന്നതിനുള്ള റിപ്പോർട്ടും സംസ്ഥാനം സമർപ്പിക്കും. ആർടിഇ നിയമ ലംഘനമില്ലെന്ന് ഉറപ്പാക്കാൻ കൂടുതൽ നിർദ്ദേശങ്ങൾ ആവശ്യമുണ്ടോ എന്നത് കോടതി പിന്നീട് പരിഗണിക്കും.
കൂടാതെ, ഡോക്ടർമാരുടെ സേവനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് എൻസിപിസിആർ നിർദ്ദേശിച്ചിട്ടുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. അത് സംസ്ഥാനം നടപ്പിലാക്കുന്നുണ്ടോയെന്നും കോടതി പരിശോധിക്കും.”- കോടതി ഉത്തരവിൽ പറയുന്നു.



