സോളാര്‍ പീഡനക്കേസിൽ ഹൈബി ഈഡന് എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഹൈബിയെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കിയത്. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
എംഎല്‍എ ഹോസ്റ്റലില്‍ വിളിച്ചു വരുത്തിയ പരാതിക്കാരിയെ ഹൈബി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പീഡന പരാതിയിന്മേല് ആറു കേസുകളായാണ് സിബിഐ അന്വേഷിച്ചിരുന്നത്. ഇതില്‍ ആദ്യത്തേതായിരുന്നു ഹൈബിക്കെതിരായ കേസ്. കുറ്റാരോപിതനെതിരെ പരാതിക്കാരി തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. പരാതിയിന്മേൽ ഹൈബിക്കെതിരായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് കോടതിയിൽ സമർപ്പിച്ച സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം സോളാര്‍ പീഡന ഗൂഢാലോചനക്കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയിലാണ് ഉത്തരവ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം.
സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഇത് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കോടതിയിൽ ഇന്നും ഹാജരാകാതിരുന്ന പരാതിക്കാരിക്ക് വീണ്ടും സമന്‍സ് അയക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധീര്‍ ജേക്കബ് ആണ് കേസില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കേസെടുക്കാതിരുന്നതോടെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.



