പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന് പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കർണാടക കോൺഗ്രസിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കർണാടകയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം സ്ത്രീകളെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും ശാക്തീകരിച്ച നാല് ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ കോൺഗ്രസ് മികച്ച മാതൃകയാണ് കാഴ്ച വച്ചത്. ‘കർണ്ണാടക മാതൃക’ ഇപ്പോൾ രാജ്യത്തുടനീളം ചർച്ച ചെയ്യപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ക്ഷേമ പ്രവർത്തനങ്ങളുടെ വിജയം ബിജെപിയെയും മറ്റ് പ്രാദേശിക പാർട്ടികളെയും അസ്വസ്ഥരാക്കി, വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും കൃത്രിമം കാണിക്കാനുമുള്ള പതിവ് തന്ത്രം അവർ പുതിയ പരീക്ഷണത്തിന് ശ്രമിക്കുന്നു, ഇതേതുടർന്ന് അവർ കർണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തികച്ചും ന്യായീകരിക്കാത്ത അഭ്യൂഹങ്ങൾ പരത്തുന്നു. ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരും ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഗവൺമെന്റിന്റെ ‘കർണാടക മാതൃക’ ആവശ്യമാണെന്ന് കോൺഗ്രസ് ആവർത്തിക്കും. പാർട്ടിക്കുള്ളിൽ സമ്പൂർണ്ണ ഐക്യവും ഐക്യദാർഢ്യവും, കൊടുത്ത ഉറപ്പ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുസ്ഥിരമായ അർപ്പണബോധവും ഉണ്ട്. കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകൾ അച്ചടക്കത്തെയും ഐക്യത്തെയും ബാധിക്കുമെന്നും വേണുഗോപാൽ വ്യക്തമാക്കി.



