അന്തരിച്ച സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തിൽ അനുസ്മരിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നുവെന്നണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മഹാനഗരം (1992) എന്ന ചിത്രം നിർമ്മിച്ചത് കെ.ജി.ജോർജായിരുന്നു.
മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ ‘ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു. ആദരാഞ്ജലികൾ ജോർജ് സാർ’. മമ്മൂട്ടി കുറിച്ചു. മേള എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി കെ.ജി ജോർജിനൊപ്പം പ്രവർത്തിക്കുന്നത്.
അന്ന് നടൻ ശ്രീനിവാസന്റെ ശുപാർശയിലാണ് മമ്മൂട്ടി കെ.ജി ജോർജിനെ പോയി കാണുന്നതും സംസാരിക്കുന്നതും. ആദ്യ മറുപടി പോസിറ്റീവ് ആയിരുന്നില്ലെങ്കിലും പിന്നീട് ഒരു ബൈക്ക് അഭ്യാസിയുടെ റോളിൽ മമ്മൂട്ടി ആ സിനിമയിൽ അഭിനയിക്കുകയും ചെയ്തു.
യവനിക, ആദാമിന്റെ വാരിയെല്ല്, ഇലവങ്കോട് ദേശം തുടങ്ങിയ കെ.ജി ചിത്രങ്ങളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മേളയിലെ മോട്ടോർ സൈക്കിൾ അഭ്യാസിയുടെ വേഷവും യവനികയിലെ പോലീസ് വേഷവും മമ്മൂട്ടിയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രങ്ങളായിരുന്നു.



