ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്ഫാദറിന്റെ മോളിവുഡ് പതിപ്പ് എന്ന പേരില്‍ എത്തിയ വീഡിയോ ആയിരുന്നു ഡീപ്പ് ഫേക്ക് വീഡിയോകളില്‍ ഒരുപക്ഷേ മലയാളികള്‍ ഏറ്റവുമധികം കണ്ടിട്ടുള്ള വീഡിയോ. ഇപ്പോഴിതാ മറ്റൊരു ഷോര്‍ട്ട് വീഡിയോയും സിനിമാപ്രേമികള്‍ക്കിടയില്‍ തംരഗമാവുകയാണ്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗാനം മോഹന്‍ലാല്‍ ഒരു ടിക് ടോക്ക് വീഡിയോയിലൂടെ പാടി അഭിനയിച്ചിരുന്നെങ്കിലോ എന്ന ആശയത്തില്‍ നിന്നാണ് പുതിയ വീഡിയോ.
ശബരീഷ് രവി എന്നയാളാണ് ഈ വീഡിയോയുടെ സൃഷ്ടാവ്. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഒറ്റ നോട്ടത്തില്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ പര്യാപ്തമാണ്. 1600 ല്‍ അധികം ലൈക്കുകളുും 270 ല്‍ ഏറെ ഷെയറുകളുമാണ് ഫേസ്ബുക്കില്‍ നിന്നുതന്നെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നുമുണ്ട്.



