ഷൊർണൂർ: ട്രെയിനിൽ തളർന്നുവീണ യാത്രക്കാരന് രക്ഷയായി റെയിൽവേ പൊലീസിന്റെ സമയോജിത ഇടപെടൽ. ഞാഴറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്ന് എറണാകുളം ഇന്റർസിറ്റി എക്പ്രസ് ട്രെയിനിലെ യാത്രക്കാരനാണ് രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് തളർന്നുവീണത്. കൊച്ചി സ്വദേശി കൃഷ്ണൻകുട്ടി (66) -നാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
ആറാം നമ്പർ പ്ലാറ്റ് ഫോമിലായിരുന്നു ട്രെയിൻ ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള റോഡ് വഴിയാണ് ആശുപത്രിയിലേക്ക് എത്തിക്കേണ്ടിയിരുന്നത്. ഏറെ ശ്രമകരമെങ്കിലും ഒട്ടും സമയം കളയാതെ പൊലീസ് ഇദ്ദേഹത്തെ വീൽചെയറിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള റോഡിലേക്ക് എത്തിച്ചു. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചതിനാൽ വയോധികന്റെ ജീവൻ രക്ഷിക്കാനായി.



