ന്യൂഡല്‍ഹി: ഒഡീഷയിലെ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയില്‍വേ ജൂനിയര്‍ എന്‍ജിനീയര്‍ ഒളിവില്‍ പോയെന്ന അഭ്യൂഹം തള്ളി അധികൃതര്‍.

കഴിഞ്ഞദിവസം സിബിഐ സംഘം എന്‍ജിനിയറുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് ദക്ഷിണ-പൂര്‍വ റെയില്‍വേ അറിയിച്ചു.

ഈ മാസം രണ്ടിനാണ് ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ ദുരന്തമുണ്ടായത്. ചെന്നൈയിലേക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസ്, ഹൌറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 292 പേരാണ് കൊല്ലപ്പെട്ടത്. 11,00 പേര്‍ക്ക് പരിക്കേറ്റിരുന്നു.

നേരത്തെ സിബിഐ അന്വേഷണ സംഘം ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷനിലെ റിലേ റൂം സീല്‍ ചെയ്യുകയും പാനലും മറ്റ് ഉപകരണങ്ങള്‍ തെളിവായി ശേഖരിക്കുകയും ചെയ്തിരുന്നു. ബഹനഗ റെയില്‍വേ സ്‌റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററും സിഗ്‌നലിംഗ് ഓഫീസറുമടക്കം അഞ്ച് പേരെ സിബിഐ ഇതിനോടകം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.