ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടും ചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ.
പാർട്ടി അഭിമുഖികരിക്കുന്ന പ്രശ്നം ചെറുതല്ലെന്നും നിഖിൽ പാർട്ടിയെ ചതിക്കുകയായിരുന്നുവെന്നും അരവിന്ദാക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു.
നിഖിലിനെ ബോധപൂർവം ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ പറഞ്ഞു.
അതേസമയം, വിവാദങ്ങളിൽ സിപിഎം നേതൃത്വത്തിന് അതൃപ്തിയുള്ളതിനാൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്.
ഒന്നിനുപുറകേ ഒന്നായി എസ്എഫ്ഐയിൽ വിവാദം പുകയുന്നതിലാണ് നേതൃത്വം അതൃപ്തി പ്രകടമാക്കിയിരിക്കുന്നത്.



