അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഒട്ടേറെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. നോബേല്‍ സമ്മാന ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്, ശാസ്ത്രജ്ഞര്‍, പണ്ഡിതന്മാര്, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ രണ്ട് ഡസനിലധികം പേരെ അദ്ദേഹം കാണുമെന്നാണ് വിവരം. ഇതില്‍ പ്രശസ്ത സംരംഭകനും ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സിഇഒയുമായ എലോണ്‍ മസ്ക്, ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതിന് പേരുകേട്ട ജ്യോതിശാസ്ത്രജ്ഞനും സയന്‍സ് കമ്മ്യൂണിക്കേറ്ററുമായ നീല്‍ ഡിഗ്രാസ് ടൈസണ്‍ എന്നിവരും ഉള്‍പ്പെടുന്നു.
സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ പോള്‍ റോമര്‍, പണ്ഡിതനും എഴുത്തുകാരനുമായ നിക്കോളാസ് നാസിം തലേബ്, കോടീശ്വരനായ നിക്ഷേപകനുമായ റേ ഡാലിയോ, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ഫലു ഷാ, യുണൈറ്റഡ് സ്റ്റേറ്റ്സ് മുന്‍ ട്രേഡ് പ്രതിനിധി മൈക്കല്‍ ഫ്രോമാന്, നയതന്ത്രജ്ഞനും മുന്‍ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഡാനിയല്‍ റസ്സല്‍ എന്നിവരെയും മോദി കാണും.
രാഷ്ട്രീയ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജെഫ് സ്മിത്തുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രതിരോധ നയതന്ത്ര വിദഗ്ധന്‍ എല്‍ബ്രിഡ്ജ് കോള്‍ബി, രസതന്ത്രത്തില്‍ നോബല്‍ ജേതാവായ ഡോ. പീറ്റര്‍ ആഗ്രെ, പ്രശസ്ത ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് സ്റ്റീഫന്‍ ക്ലാസ്കോ, ഗ്രാമി നാമനിര്‍ദ്ദേശം ലഭിച്ച സംഗീതജ്ഞ ഡോ. ചന്ദ്രിക ടണ്ടന് എന്നിവരും പട്ടികയിലുണ്ട്.
മികച്ച രീതിയില്‍ കൂട്ടായ പ്രവര്‍ത്തനം വളര്‍ത്തുക, അമേരിക്കയിലെ സംഭവവികാസങ്ങള്‍ മനസ്സിലാക്കുക, ഇന്ത്യയുമായുള്ള സഹകരണം ക്ഷണിക്കുക എന്നിവയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.
ചൊവ്വാഴ്ചയാണ് സുപ്രധാന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ടെലികോം, ബഹിരാകാശം, ഉല്‍പ്പാദനം എന്നിവ ഉള്‍പ്പെടുന്ന ടെക്നോളജി ഡൊമെയ്നില്‍ അടുത്ത ബന്ധം സ്ഥാപിക്കുന്നതിനൊപ്പം വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം ചര്‍ച്ച നടത്തും.



