278 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിന്റെ അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് രേഖകളും മൊഴികളും ശേഖരിക്കാനുള്ള നീക്കത്തിലായിരുന്നു അന്വേഷണ ഏജൻസി.

സെക്ഷൻ 337 (മനുഷ്യജീവനെ അപകടപ്പെടുത്തുന്ന വിധത്തിൽ അശ്രദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്‌ത്‌ ആരെയെങ്കിലും വേദനിപ്പിച്ചാൽ), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയോ അപകടപ്പെടുത്തുന്ന ഒരു പ്രവൃത്തിയിലൂടെ ഗുരുതരമായ അപകടമുണ്ടാക്കുന്നത്), 304 എ (അശ്രദ്ധമൂലമുള്ള മരണത്തിന് കാരണമാകുന്നു), കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 34 (പൊതു ഉദ്ദേശ്യത്തിന്റെ പുറത്ത് ഒരുകൂട്ടം ആളുകൾ ചെയ്‌ത പ്രവൃത്തികൾ) എന്നിവയാണ് സിബിഐ ചേർത്ത വകുപ്പുകൾ.

അപകടവുമായി ബന്ധപ്പെട്ട് അശ്രദ്ധമൂലം മരണത്തിന് കാരണമായതിന് ഒഡീഷ പോലീസ് ഐപിസിയിലെയും റെയിൽവേ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. അപകടത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഞായറാഴ്‌ച അറിയിച്ചിരുന്നു.

ജൂൺ 2ന് രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ട അപകടത്തിൽ 278 പേർ കൊല്ലപ്പെടുകയും 1,100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു, ഇതിന് പുറമെ തിരക്കേറിയ റൂട്ടിലെ ചരക്ക്, പാസഞ്ചർ ട്രെയിനുകളുടെ ഗതാഗതവും തടസ്സപ്പെട്ടു. പിന്നീട് ദിവസങ്ങൾ നീണ്ട ശ്രമങ്ങൾക്ക് ഒടുവിലാണ് കിഴക്കൻ, ദക്ഷിണേന്ത്യ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിൽ ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

ഒഡീഷ ട്രിപ്പിൾ ട്രെയിൻ അപകടത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ സിഗ്നലിംഗ് തകരാർ കാരണമായി കണ്ടെത്തിയതിനെത്തുടർന്ന് “ഡബിൾ ലോക്കിംഗ് ക്രമീകരണങ്ങൾ” ഉൾപ്പെടെയുള്ള സ്‌റ്റേഷൻ റിലേ റൂമുകളുടെയും കോമ്പൗണ്ട്സ് ഹൗസിംഗ് സിഗ്നലിംഗ് ഉപകരണങ്ങളുടെയും സുരക്ഷയെക്കുറിച്ച് എല്ലാ സോണൽ ആസ്ഥാനങ്ങളിലേക്കും നിരവധി നിർദ്ദേശങ്ങളുള്ള സുരക്ഷാ ഡ്രൈവും റെയിൽവേ ആരംഭിച്ചിരുന്നു.