TMC leader Abhishek Banerjee (Photo: File)

Suryagni Roy

  • കൊൽക്കത്ത,
  • 06 Jun 2023,
  • (Updated 06 Jun 2023, 6:38 AM IST)

Coal Smuggling Case: ഭാര്യയെയും മകളെയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. കഴിഞ്ഞ ദിവസമാണ് ദുബായിലേക്കുളള യാത്രമധ്യേ അഭിഷേകിന്റെ ഭാര്യ റുജിറ നരുല ബാനര്‍ജിയെയും മക്കളെയും കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞത്. 

‘ഞാന്‍ മോദിയോട് തുറന്ന് പറയുകയാണ്. രാഷ്ട്രീയപരമായി നിങ്ങളുടെ പോരാട്ടം എനിക്കെതിരെയാണ്, എന്റെ ഭാര്യക്കും 9 വയസ്സുള്ള മകള്‍ക്കും 3 വയസ്സുള്ള മകനുമെതിരെയല്ല. രാഷ്ട്രീയമായി എന്നോട് പോരാടൂ. ഇങ്ങനെ ചെയ്താല്‍ ഞാന്‍ തല കുനിക്കും എന്നാണ് നിങ്ങള്‍ വിചാരിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി’ സംഭവത്തോട് പ്രതികരിച്ച് കൊണ്ട് അഭിഷേക് ബാനര്‍ജി പറഞ്ഞു.

‘നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും പോലുളളവര്‍ പാവപ്പെട്ടവരില്‍ നിന്ന് പണം പിടിച്ചെടുത്തു. എന്നാല്‍ ഇഡിക്കും സിബിഐക്കും അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രതിപക്ഷത്തെ ദ്രോഹിക്കാന്‍ മാത്രമാണ് അവരെ ഉപയോഗിക്കുന്നത്. അദാനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെയും പണമെടുക്കുന്നു. ഇതില്‍ നിങ്ങള്‍ എന്തെങ്കിലും അന്വേഷണം കാണുന്നുണ്ടോ?’ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ലക്ഷ്യമിട്ട് അദ്ദേഹം ചോദിച്ചു. 

ബംഗാള്‍ കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് സംസാരിക്കവെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ‘അറസ്റ്റ് ചെയ്യേണ്ടത് അമിത് ഷായാണ്, കല്‍ക്കരിപ്പാടങ്ങള്‍ സംരക്ഷിക്കുന്നത് കേന്ദ്ര വ്യവസായ സുരക്ഷാ സേനയാണ്.  ബിഎസ്എഫ് അതിര്‍ത്തി കാക്കുന്നവരാണ്. ബിഎസ്എഫ് കമാന്‍ഡറായ സതീഷ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. അത് ഷായിലേക്കും മോദിയിലേക്കും നീങ്ങുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ അതിനെക്കുറിച്ച് സംസാരിക്കുമോ?’ അഭിഷേക് ചോദിച്ചു.