ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 ആയി. 900 ത്തോളം പേർക്ക് പരുക്കേറ്റു. 24 പേരെ രക്ഷപ്പെടുത്തി. ഒഡീഷയിലെ ബാലസോറിൽവച്ച് ഇന്നലെ രാത്രിയാണ് ഷാലിമാർ-ചെന്നൈ കൊറോമണ്ടൽ എക്സ്പ്രസും യശ്വന്തറിൽനിന്നും ഹൗറയിലേക്ക് പോവുകയായിരുന്നു മറ്റൊരു ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചത്.

ഒഡീഷയില്‍ ട്രെയിനപകടമുണ്ടായ സ്ഥലം നരേന്ദ്ര മോദി സന്ദർശിച്ചു. വൈകീട്ടോടെയാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിച്ചത്. എയര്‍ഫോഴ്‌സ് വിമാനത്തില്‍ ബാലസോര്‍ ജില്ലയിലെ ഭാഹങ്ക ബസാറിലെത്തിയ മോദി പിന്നീട് അകടം നടന്ന സ്ഥലത്തേക്ക് വരികയായിരുന്നു.

ബാലസോറിലെ ട്രെയിന്‍ അപകടം വിലയിരുത്താനായി ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു, അശ്വിനിവൈഷ്ണവും ദുരന്തനിവാരണ സംഘത്തിലെ ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിശദീകരിച്ചു. ”വേദനാജനകമായ സംഭവമാണ്. പരുക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ചചെയ്യില്ല. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. പരിക്കേറ്റവരെ ഞാന്‍ കണ്ടു,” അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്നലെ രാത്രി 7 മണിയോടെ ബാലസോർ ജില്ലയിലെ ബഗനഗ ബസാർ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. പാളം തെറ്റിയ ഷാലിമാർ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് സമീപത്തെ ട്രാക്കിലൂടെ വന്ന ഹൗറ എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) നേതൃത്വത്തിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള അടിയന്തര ധനസഹായം കേന്ദ്ര റെയില്‍വെ മന്ത്രി പ്രഖ്യാപിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാര പരുക്കുകള്‍ പറ്റിയവര്‍ക്ക് 50,000 രൂപയുമാണ് കേന്ദ്രം ധനസഹായമായി നല്‍കുന്നത്.