ന്യൂഡൽഹി: മദ്യ നയ അഴിമതിക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന എ.എ.എപി നേതാവ് മനീഷ് സിസോദിയക്ക് ഭാര്യയെ കാണാനായില്ല. സിസോദിയ വീട്ടിലെത്തുന്നതിനു മുമ്പേ ആരോഗ്യ നില മോശമായ ഭാര്യയെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണിത്.

അസുഖ ബാധിതയായ ഭാര്യയെ കാണാനായി സിസോദിയക്ക് ഡൽഹി ഹൈകോടതി അനുമതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഏഴുമണിക്കൂർ സമയമാണ് കോടതി അനുവദിച്ചത്. ഈ സമയത്ത് മാധ്യമങ്ങളുമായി ബന്ധപ്പെടരുതെന്നും ​ഫോണോ, ഇന്റർനെറ്റോ ഉപയോഗിക്കരുതെന്നും കർശന നിർദേശവും നൽകി. ഭാര്യയുടെ ആരോഗ്യസ്ഥിതി കാണിച്ച് സിസോദിയ സമർപ്പിച്ച ഇടക്കാല ജാമ്യ ഹരജി വിധി പറയാൻ കോടതി മാറ്റിവെച്ചിരുന്നു.

ഈ മാസാദ്യം കോടതി നി​ർദേശപ്രകാരം ഭാര്യ സീമയെ വിഡിയോ കാൾ കാണാൻ ജയിൽ സൂപ്രണ്ട് സിസോദിയക്ക് സൗകര്യമൊരുക്കിയിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ നേരം ഭാര്യയെ വിളിക്കാൻ സിസോദിയക്ക് സൗകര്യം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.