മുഖത്ത് ത്രിവർണ്ണ പതാക വരച്ച പെൺകുട്ടിയ്ക്ക് സുവർണ്ണ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ ഖേദം പ്രകടിപ്പിച്ച് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാൾ എത്തി. പെൺകുട്ടിയോട് ക്ഷമ ചോദിച്ച അദ്ദേഹം മുഖത്തുണ്ടായിരുന്നത് ഇന്ത്യൻ ദേശീയ പതാക അല്ലെന്നും പറഞ്ഞു.
‘ഇതൊരു സിഖ് ആരാധനാലയമാണ്. എല്ലാ മത സ്ഥലങ്ങൾക്കും അതിന്റേതായ അലങ്കാരമുണ്ട്… എല്ലാവരേയും ഞങ്ങൾ ഇവിടെ സ്വാഗതം ചെയ്യുന്നു… ഒരു ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു… പെൺകുട്ടിയുടെ മുഖത്തെ പതാക അശോകചക്രം ഇല്ലാത്തതിനാൽ ദേശീയ പതാക ആയിരുന്നില്ല. അത് ഒരു രാഷ്ട്രീയ പാർട്ടിയുടേതായിരിക്കാം’ ഗ്രെവാൾ പറഞ്ഞു.
വീഡിയോയിൽ, പെൺകുട്ടിക്ക് പ്രവേശനം നിഷേധിച്ച സുവർണ്ണ ക്ഷേത്രത്തിലെ ജീവനക്കാരൻ, ‘ഇത് ഇന്ത്യയല്ല, പഞ്ചാബാണ്’ എന്ന് പറയുന്നത് കേൾക്കാം. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി അട്ടാരി-വാഗ അതിർത്തി സന്ദർശിക്കുന്ന നിരവധി ആളുകൾ അവരുടെ മുഖം ത്രിവർണ്ണത്തിൽ ചായം പൂശുകയും തുടർന്ന് സുവർണ്ണ ക്ഷേത്രം സന്ദർശിക്കുകയും ചെയ്യുന്നത് പതിവാണ്.



