തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ എത്തിയത് കേരളത്തിൽ ഓടുന്ന മറ്റ് ദീർഘ ദൂര ട്രെയിനുകൾക്കും നേട്ടമാകും. വന്ദേഭാരതിന്റെ വേഗത കൂട്ടാൻ പാളം പുനഃക്രമീകരിച്ചതിലൂടെ ഒരു മണിക്കൂർ 13 മിനിറ്റ് സമയലാഭം മറ്റ് ട്രെയിനുകൾക്ക് ഉണ്ടാകും. എറണാകുളം- കോട്ടയം- കായംകുളം റൂട്ടിൽ 70 കി.മീ. വേഗ നിയന്ത്രണം 90 കി.മീ. ആക്കി ഉയർത്തി. ദീർഘദൂര ട്രെയിനുകൾക്കെല്ലാം ഇതിന്റെ മെച്ചം ലഭിക്കും.
ഷൊർണൂർ- എറണാകുളം സെക്ഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലെ ലൂപ്‌ലൈനിൽ വേഗം പത്തിൽനിന്നു 30 കി.മീ. ആയി ഉയർത്തിയതു വഴി 9 മിനിറ്റ് ലാഭിച്ചു. പ്രധാന പാളത്തിൽനിന്നു സ്റ്റേഷനിലേക്ക‌് തിരിഞ്ഞു കയറുന്ന പാതയാണ് ലൂപ്‌ലൈനുകൾ. കോട്ടയം- കായംകുളം റൂട്ടിൽ 21 മിനിറ്റും കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ സ്റ്റേഷനുകളിൽ ലൂപ്‌ലൈനിൽ വേഗം കൂട്ടിയപ്പോൾ 27 മിനിറ്റും ലാഭിച്ചു. ലൂപ്‌ലൈനിൽ വേഗം കൂട്ടുന്നത് ദീർഘദൂര സർവീസുകൾക്കെല്ലാം ഗുണം ചെയ്യും. സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രെയിനുകൾ വേഗം കുറയ്ക്കേണ്ടിവരില്ലെന്നതാണ് ഗുണം.



