തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. കുത്തകകൾക്ക് വേണ്ടി സർക്കാർ സാധാരണക്കാരെ കുടിയിറക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും കുരിശിന്റെ വഴി ചടങ്ങിന് ശേഷം വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

‘വിഴിഞ്ഞം സമരത്തിന്റെ സമയത്ത് സാധാരണക്കാർ ഭവനരഹിതരാവുകയും ഗോഡൗണുകളിൽ കഴിയേണ്ട സാഹചര്യം ഉണ്ടാവുകയു ചെയ്തു. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും തടസമായി തീരുന്നതിനും കുടിയേറ്റത്തിനും കാരണമാകുന്നു. പുത്തൻ സാമ്പത്തിക നയങ്ങൾ മത്സ്യത്തൊഴിലാളികളെയും ആദിവാസികളെയും ദളിതരെയും കർഷകരെയും ദുരന്ത സാഹചര്യത്തിലേയ്ക്ക് തള്ളിയിടുകയാണ്.’ – ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

കുരിശിന്റെ വഴിയിലെ ചടങ്ങുകളിൽ മന്ത്രി ആന്റണി രാജു പങ്കെടുത്തിരുന്നു. അദ്ദേഹം മടങ്ങിയ ശേഷമാണ് ആർച്ച് ബിഷപ്പ് വേദിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നേരത്തേ പലവട്ടം ലത്തീൻ അതിരൂപത ഈ വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനം അറിയിച്ചിരുന്നു. മാസങ്ങളോളം വിഴിഞ്ഞത്ത് സമരവും നടത്തിയിരുന്നു. തുടർന്ന് അനുനയത്തിലേയ്ക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. വിഷയത്തിൽ ലത്തീൻ സഭയ്ക്ക് ഇപ്പോഴും പ്രതിഷേധമുണ്ടെന്നാണ് ആർച്ച് ബിഷപ്പിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.