ടോക്കിയോ: ജാപ്പനീസ് ജന്തുശാസ്ത്രജ്ഞനും സംവിധായകനുമായ മസാനോറി ഹറ്റാ (87) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മറ്റ്സുഗോരോ എന്നാണ് മൃഗസ്നേഹിയായിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്നത്.
1986ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ദ അഡ്വഞ്ചേഴ്സ് ഒഫ് മിലോ ആൻഡ് ഓറ്റിസ് എന്ന ചിത്രം ജപ്പാനിലെ ക്ലാസിക്കുകളിൽ ഒന്നാണ്. ഒരു പൂച്ചക്കുട്ടിയും പഗ് ഇനത്തിലെ നായയും തമ്മിലെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. വടക്കൻ ജപ്പാനിലെ ഹക്കൈഡോ ദ്വീപിലാണ് ഹറ്റാ കുടുംബത്തോടൊപ്പം ജീവിച്ചത്. ബ്രൗൺ കരടികൾ, കുതിരകൾ, നായകൾ തുടങ്ങി നൂറുകണക്കിന് മൃഗങ്ങളെ അദ്ദേഹം വളർത്തിയിരുന്നു. മൃഗങ്ങളെ വളർത്തിയിരുന്നവർക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉപദേശങ്ങൾ നൽകിവന്നിരുന്നു. ടെലിവിഷൻ പരിപാടികളുടെ ഭാഗമായിരുന്നു.
തെക്ക് -പടിഞ്ഞാറൻ ജപ്പാനിലെ ഫുകുവോകാ നഗരത്തിൽ 1935 ഏപ്രിൽ 17ന് ജനിച്ച അദ്ദേഹം ടോക്കിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ആനിമൽ സൈക്കോളജിയിൽ ബിരുദം സ്വന്തമാക്കി. 20ലേറെ ഡോക്യുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചു.



