കേരളത്തിലെ കോണ്‍ഗ്രസിലെ നിര്‍ണ്ണായക സ്ഥാനങ്ങളിലൊന്നും ക്രിസ്ത്യാനികളായ നേതാക്കളില്ലാത്തത് ക്രൈസ്തവ സഭകളെ ആശങ്കാകുലരാക്കുന്നു. തങ്ങളെ കേള്‍ക്കാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലന്ന ചിന്തയാണ് കേരളത്തിലെ ക്രൈസ്തവ സഭകളെ ബി ജെ പിയിലേക്കും സി പി എമ്മിലേക്കും ചായാന്‍ പ്രേരിപ്പിച്ചതെന്നും വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാര് പറയുന്നു. ഉമ്മന്‍ചാണ്ടി, പി ജെ കുര്യന്, കെ വി തോമസ്, കെ സി ജോസഫ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായിരുന്നു കെ എം മാണിയും ക്രൈസ്തവ സഭകളുടെ താല്പര്യങ്ങള് എക്കാലവും കാത്തു സൂക്ഷിച്ചിരുന്നവരാണ്. ഇവര്‍ക്ക് വിവിധ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി വളരെ അടുത്തു ബന്ധവുമുണ്ടായിരുന്നു.
എന്നാല്‍ കെ എം മാണി നിര്യാതനാവുകയും ഉമ്മന്‍ചാണ്ടിയും പി ജെ കുര്യനും കെ സി ജോസഫും അടക്കമുള്ള നേതാക്കള്‍ നിശബ്ദരാവുകയും ചെയ്തതോടെ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിലും യു ഡി എഫിലും ക്രൈസ്തവര്‍ അനാഥരാവുകയാണെന്നാണ് സഭാ നേതൃത്വങ്ങള്‍ കരുതുന്നത്. സി പി എമ്മിനോടും ബി ജെ പിയോടും സഭകള്‍ അടുക്കുന്നതും ഇത് മുന്‍ നിര്‍ത്തിയാണ്. ബി ജെ പിയും സി പിഎമ്മും ക്രൈസ്തവ സഭകള്‍ക്ക് വലിയ പരിഗണനല്കുന്നുമുണ്ട്. കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വത്തിലെ ഏറെക്കുറെ എല്ലാവരും തന്നെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു കഴിഞ്ഞു. ബി ജെ പിയുടെ നേതൃത്വത്തില്‍ പുതിയ ക്രൈസ്തവ പാര്‍്ട്ടി തന്നെ രൂപീകരിക്കാന്‍ പോവുകയാണ്. സി പി എം ആകട്ടെ സജി ചെറിയാന്, വീണാ ജോര്‍ജ്ജ്, ആന്റെണി രാജു എന്നീ മൂന്ന് മന്ത്രിമാരെ തന്നെ വിവിധ ക്രൈസ്തവ സഭകളുടെ കാര്യങ്ങള്‍ നോക്കാന്‍ ഏല്പ്പിച്ചിരിക്കുകയുമാണ്.
കേരളത്തിലെ ക്രിസ്ത്യാനികള്‍ പൊതുവെ കോണ്‍ഗ്രസ് യു ഡി എഫ് അനുകൂലികളാണ്. ഇപ്പോള്‍ ആ അനുഭാവത്തില്‍ കാര്യമായ ഇടിവൊന്നും വന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തങ്ങള്‍ക്ക് ആശയവിനിമയം നടത്താനും കാര്യങ്ങള്‍ സംസാരിക്കാനും പറ്റിയ ആരും ഇല്ലന്നുള്ളത് സഭാ നേതൃത്വങ്ങളെ ഖിന്നരാക്കുന്നുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുതിയ തലമുറയില്‍ പെട്ട ചെറുപ്പക്കാര്‍ ആരും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് കടന്നുവരുന്നില്ലന്ന പരാതിയും സഭള്ക്കുണ്ട്. അത് കൊണ്ട് തന്നെ ക്രൈസ്തവ വിഭാഗങ്ങളുടെ രാഷ്ട്രീയ ഇടപെടലുകള്‍ കേരളത്തില്‍ നന്നെ കുറയുകയാണ്. നായര്‍- ഈഴവ- മുസ്ളീം വിഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ കൂടുതലും രാഷ്ട്രീയകാര്യങ്ങളില്‍ താല്പര്യം കാണിക്കുമ്പോള്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുമുള്ള ചെറുപ്പക്കാര്‍ കഴിയുന്നതും കേരളം വിട്ടു പോകാനാണ് ശ്രമിക്കുന്നത്. ഇത് ക്രൈസ്തവ സഭകളുടെ കേരളത്തിലെ രാഷ്ട്രീയ ഇടപടല്‍ പരിമിതപ്പെടുന്നതായും സഭ നേതൃത്വങ്ങള്‍ വിശ്വസിക്കുന്നു.



